Wednesday, July 23, 2008

കുചേലവൃത്താന്തം

കുചേലന്‍ സിങ്ങ് അന്ന് അന്തിമയങ്ങിയപ്പോള്‍ അത്യന്തം ഖിന്നനായിരുന്നു.

സാമ്പത്തിക വകുപ്പിലെ സര്‍വാധികാര്യക്കാര്‍ തദ്ദേശവാസത്തിലെ നടപ്പുദീനം പകല്‍ മുഴുവന്‍ വരച്ചുകാട്ടി.

പിടിവിട്ടു പോയി.

രാജ്യം അസ്ഥികൂടമായി. അഗസ്ത്യകൂടം എന്നെഴുതിയത് തെറ്റിപ്പോയതാണെന്നു കരുതരുത്.

പ്രതിദിനം 150 ക അധ്വാനിച്ചും മറ്റൊരു 100 പിച്ചയെടുത്തും ഉണ്ടാക്കിയില്ലെങ്കില്‍ ആരും തെണ്ടിപ്പോകുന്ന അവസ്ഥ. അര്‍ഥം കിട്ടിയ അല്‍പ്പന്മാര്‍ നിവര്‍ത്തിപ്പിടിച്ച കുടയല്ലാതെ രാജ്യത്ത് മറ്റൊരു കൃഷിയും വിളയുന്നില്ല. ഉണ്ടാകുന്ന വിളയാകട്ടെ വേലിക്കു പോലും തിന്നാന്‍ തികയുന്നില്ല.

അരച്ചാണ്‍ വയര്‍, അവസാനിക്കാത്ത സീരിയല്‍.

കുചേലന്‍ സിങ്ങ് കൈ മടക്കി.

'ഇത് കര്‍ക്കടകം...ഇനി ചിങ്ങം .. കന്നി.. തുലാം ... വൃശ്ചികം....ധനു.ധനുമാസത്തിന്‍ തിരുവാതിര കഴിഞ്ഞാല്‍....'

ഞെട്ടിപ്പോയി കുചേലന്‍ സിങ്ങ്. തെരഞ്ഞെടുപ്പ്.

പ്രായപൂര്‍ത്തി വോട്ടവകാശം കുമ്മിയടിക്കുമ്പോള്‍ തരുണികളുടെ ചുണ്ടില്‍ തത്തിക്കളിക്കാന്‍ 'വീര.. വീരാട.. കുമാര വിഭോ..ചാരുതര ഗുണസാഗരഭോ...' അല്ലാതെ മറ്റെന്ത് ഈരടി.

രസംപിടിച്ച് കുചേലന്‍ സിങ്ങ് തുടര്‍ന്നു പാടി.

' പാണി വളകള്‍ കിലുങ്ങീടവേ..പാരം ചേണുറ്റ....'

ശേഷിക്കുന്ന ഭാഗം ലജ്ജകൊണ്ട് വിട്ടുകളഞ്ഞു.

നാണത്തില്‍ രാഷ്ട്രീയമില്ലെന്ന് മനസ്സിലായതോടെ കുചേലന്‍സിങ്ങ് പൂര്‍വസ്ഥിതി പുനഃസ്ഥാപിച്ച് ദുഃഖിതനായി. സ്ഥിതിഗതികളുടെ ഗൌരവം മനസ്സിലാക്കി കൊട്ടാരം കവികളില്‍ ഒരാള്‍ കുചേലന്‍ സിങ്ങിന്റെ ചെവിയില്‍ മൂളി.

' ഇല്ല ദാരിദ്ര്യാര്‍ത്തിയോളം

വലുതായിട്ടൊരാര്‍ത്തിയും

ഇല്ലം വീണുകുത്തുമാറാ-

യതുകണ്ടാലും. '

കവിയെ ഉടന്‍തന്നെ കേന്ദ്ര സാഹിത്യ അക്കാദമിയില്‍ അംഗമാക്കി കവിതയെ മോചിപ്പിച്ചു.

രംഗവേദി ഇരുളില്‍ തന്നെ.

കുചേലന്‍സിങ്ങിന് ആശ്വാസമരുളാന്‍ പ്രിയ പത്നി ശ്രീമതി കുചേലന്‍ രംഗത്തെത്തി.

പ്രശ്നത്തിന്റെ ഗൌരവം മനസ്സിലാക്കി അവര്‍ നീട്ടിപ്പാടി.

' സര്‍വ ധനശാസ്ത്ര

പുരാണജ്ഞന്‍ ഭവാന്‍

ബ്രഹ്മശക്ര

ശര്‍വവന്ദ്യനായ

ബുഷോ തവ വയസ്യന്‍ '

വയസ്സിനു വഴങ്ങാത്ത വയസ്യന്‍.

'ചെന്നുകാണൂ അദ്ദേഹത്തെ... ഈരേഴുലോകവും വിരല്‍ത്തുമ്പില്‍ കറക്കുന്നവനെ..സുദര്‍ശന ചക്രംകൊണ്ട് സൂര്യനെ മറയ്ക്കുന്നവനെ...നിങ്ങളിരുവരും സാന്ദീപനി മഹര്‍ഷിയുടെ ഓള്‍ഡ് സ്റ്റുഡന്‍സായിരുന്നില്ലേ..സാന്ദ്രസൌഹൃദം തുടരുന്നില്ലേ..മല്‍ജീവനായകാ മടിക്കുന്നതെന്തിന്? '

കുചേലന്‍ സിങ്ങിന് ജീവന്‍ വീണു. മുണ്ട് മുറുക്കിക്കുത്തുമ്പോള്‍ അറിയാതെ പറഞ്ഞു.

' പറഞ്ഞതങ്ങിനെ തന്നെ

പാതിരാവായല്ലൊ പത്നി '

പാട്ടോടെ കുചേലന്‍ സിങ്ങ് ഉറങ്ങാനൊരുങ്ങി. ഉറങ്ങും മുമ്പ് പാടി ഉണര്‍ത്തിച്ചു.

'നിറഞ്ഞ ബുഷിനെക്കാണ്‍മാന്‍

പുലര്‍കാലെ പുറപ്പെടാം

അറിഞ്ഞു വല്ലതും കൂടെ

തന്നയക്കേണം '

ത്രിഭുവനമടക്കി വാഴുന്ന പ്രഭുവിനെക്കാണാന്‍ വെറും കൈയോടെ പോകരുതെന്നാണു പ്രമാണം. അങ്ങനെ പോയവരൊന്നും ഇല്ലം കണ്ടു മരിച്ചിട്ടുമില്ല.

പിറ്റേന്നത്തെ പ്രഭാതം.

ഫ്ളൈറ്റ് റെഡി.

കാലത്തെഴുന്നേറ്റു കുളിച്ചുത്തു വന്ന പതിയുടെ കാലടി വന്ദിച്ച് ശ്രീമതി കുചേലന്‍ പൊതി കൈയില്‍ കൊടുത്തു.

പൊതിയിലെന്തെന്ന് രാജ്യരക്ഷയെക്കരുതി പുറത്തു പറഞ്ഞില്ല. നയതന്ത്രകേന്ദ്രങ്ങള്‍ തന്ത്രപരമായ മൌനം പാലിച്ചു.

പിന്നെ യാത്ര.

അകമ്പടിക്ക് കൂലങ്കഷ കുതൂഹലം, കുട, ബാലാദിത്യവെട്ടം, നാമജപം, ചകോരാദി പക്ഷികള്‍ എന്നിവയൊക്കെ ഉണ്ടായി.

വെണ്‍മേഘങ്ങളുടെ ഹൃത്തടം പിളര്‍ന്ന് ഫ്ളൈറ്റ് പറക്കുമ്പോള്‍ സൈഡ് സീറ്റിലിരുന്ന് കുചേലന്‍ സിങ്ങ് അറിയാതെ പാടി.

' നാളെ നാളെയെന്നായിട്ട്

ഭഗവാനെ കാണ്‍മാനിത്ര

നാളും പുറപ്പെടാഞ്ഞ ഞാ-

നിന്നു ചെല്ലുമ്പോള്‍'

വിവിധ ചിന്തകളാല്‍ കുചേലന്‍സിങ്ങ് വീര്‍പ്പുമുട്ടി.

ആകാംക്ഷ, പരിഭ്രമം, സങ്കടം, ആത്മവിശ്വാസക്കുറവ്, ചിക്കുന്‍ ഗുനിയ, വിരശല്യം എന്നീ മൂന്നാംലോക വികാരങ്ങള്‍ ഒന്നിച്ചാക്രമിച്ചു.

കുചേലനാണെങ്കിലും ഞാനൊരു രാഷ്ട്രത്തലവനല്ലെ എന്ന് സ്വയം സമാധാനിക്കുമ്പോള്‍ പശ്ചിമ പയോധിയുടെ നടുവിന്നാഭരണമാകുന്നൊരു പൊന്നുന്തുരുത്തിനു മീതെ വിമാനം നിന്നു; നിര്‍ന്നിമേഷമായി.

പിന്നെ ഇറങ്ങി. മുപ്പതാണ്ടുകള്‍ക്കു മുമ്പുള്ള നവവധുവിന്റെ മണിയറ പ്രവേശം പോലെ.

ഭാര്യയും മക്കളുമൊരുമിച്ചൊരു കട്ടിലിലിരുന്ന ബുഷ് ഏഴാം മാളിക മുകളില്‍നിന്ന് താഴേക്കിറങ്ങി.

ഏഴുരണ്ടുലകുവാഴിയായ അദ്ദേഹം തന്റെ സതീര്‍ഥ്യനെ ദൂരത്തു കണ്ടു.

അതോടെ നതോന്നത വൃത്തത്തില്‍ കരഞ്ഞു.

' കണ്ടാലെത്ര കഷ്ടമെത്രയും

മുഷിഞ്ഞ മൂന്നാം ലോകം

കൊണ്ട് കോലം കെട്ടീ-

ട്ടുത്തരീയവുമിട്ടു.

മുണ്ടില്‍ പൊതിഞ്ഞൊരു

കാര്‍ഡും മുഖ്യമായ റേഷനരീം

രണ്ടുംകൂടി കക്ഷത്തിങ്കലിടുക്കിക്കൊണ്ട്

ഭദ്രമായ ആസ്മയും വലിച്ചു

ശ്വാസം മുട്ടലോടെ

മുക്കിയും മൂളിയും കഫം നെഞ്ചില്‍ കെട്ടിയും

അന്തണനെക്കണ്ടിട്ട് സന്താപം കൊണ്ടോ - തോന്ന്യവാസം

ചിന്തിച്ചിട്ടുള്ളിലുണ്ടായ സന്തോഷം കൊണ്ടോ

എന്തുകൊണ്ടോ യാങ്കി കണ്ണുനീ

രണിഞ്ഞു-ധീരനായ

എ കെ ഫോര്‍ടിസെവനുണ്ടോ

കരഞ്ഞിട്ടുള്ളൂ'

പള്ളിമഞ്ചത്തില്‍ നിന്നിറങ്ങിവന്ന മി. ബുഷ് കുചേലന്‍ സിങ്ങിനെ കെട്ടിപ്പിടിച്ചു. മാറത്തെ വിയര്‍പ്പു വെള്ളം കൈകാര്യം ചെയ്യാന്‍ വാട്ടര്‍ അതോറിറ്റിയെ ഏല്‍പ്പിച്ചു.

പിന്നെ കോരിത്തരിപ്പിക്കുന്ന രംഗങ്ങളുടെ മഹാപ്രവാഹം.

കൂറുപ്രഖ്യാപിച്ച കുചേലന്‍ സിങ്ങിനെ തൃക്കൈകൊണ്ട് പിടിച്ച് പുഷ്പതല്‍പ്പത്തിലിരുത്തി.

കാല്‍ കഴുകല്‍, ഹരിചന്ദനം പൂശല്‍, താലവൃന്തം വീശല്‍ എന്നീ ചടങ്ങുകള്‍ പൂര്‍വാധികം ഭംഗിയായി നടന്നു.

ഭക്തനായ അതിഥിയുടെ യാത്രാക്ഷീണം മാത്രം കയറ്റി ഒരു ഫ്ളൈറ്റ് തിരിച്ചയച്ചു.

കഥാപാരായണമായിരുന്നു അടുത്ത രംഗം.അഫ്‌ഗാനിസ്ഥാനില്‍ വിറകിനു പോയത്, വായ പിളര്‍ന്ന് ഇറാഖിനെ ഈരേഴുലകും കാണിച്ചത്, പലസ്തീനെടുത്ത് കുടയായി പിടിച്ചത്....

വിശേഷങ്ങളങ്ങനെ പറയാനെത്ര!

പക്ഷേ, അപ്പോഴേക്കും വിശന്നു തുടങ്ങി. ആ പൊതിയിങ്ങു തരാന്‍ ബുഷ് പറഞ്ഞു.

ലജ്ജയോടെ കുചേലന്‍സിങ്ങ് പൊതി നല്‍കി.

ബുഷ് പൊതിയഴിച്ചു.

കരാര്‍ കറക്റ്റ്.

കുത്തും കോമയും പോലും മാറിയില്ല.

നിഖിലാണ്ഡകോടി നിഗമങ്ങളെ ക്കൊണ്ടും നിറയാത്ത ബുഷിന്റെ കുക്ഷി ഭുക്തിപൂരിതമായി.

അടുത്തത് കുചേലന്‍സിങ്ങിന്റെ യാത്രചൊല്ലലാണ്.

'ഭുവന നാഥാ..ഭഗവാനെ..ദിവ്യരത്നപ്രകാശമേ..ഭവ്യമായ ഭക്തിയോടെ മമ മാനസം നിറയുന്നു. ഞാന്‍ പോകുന്നു.'

നാട്ടിലെത്തിയപ്പോള്‍ കുചേലന്‍സിങ്ങ് അമ്പരന്നു.

എല്ലാം മാറിയിരിക്കുന്നു.

ലീലാവിലാസം!

പുത്തന്‍പുരിക്ക് മിത്രകോടിപ്രഭ!

നാടകക്കൊട്ടില്‍, കോട്ടവളപ്പുകള്‍, കുതിരക്കുളമ്പടികള്‍, പാടീരശ്രീതുംഗമഞ്ചങ്ങള്‍, വെണ്‍കൊറ്റക്കുട, തങ്കക്കോളാമ്പി, ആണവപ്പുരകള്‍..!

കുചേലന്‍സിങ്ങിന് ഒന്നും മനസ്സിലായില്ല.

നിശ്ചലന്‍, നിഷ്ക്കളങ്കന്‍, നിര്‍വികല്പന്‍ ബുഷിന്റെ മായ!

അഹോ...ഭയങ്കരം...ദശവിധരൂപങ്ങളോടു കൂടിയവനേ....നമസ്ക്കാരം...നമസ്ക്കാരം...

അത്ഭുത പാരതന്ത്ര്യത്തില്‍നിന്ന് മോചനം നേടി സ്വതന്ത്രനായ കുചേലന്‍സിങ്ങ് കൊട്ടാരമുറ്റത്തേക്കു കാലെടുത്തു വെച്ചപ്പോള്‍ ഒരശരീരി!

' ഹൂ ആര്‍ യൂ..'

സൂക്ഷിച്ചു നോക്കിയപ്പോള്‍ അശരീരിക്ക് ശരീരം!

ഒരു സായ്പ്.

ചോദ്യം ആവര്‍ത്തിച്ചു.

' ഹൂ ആര്‍ യൂ'

' ഐ ആം ....കുചേലന്‍.. കുചേലന്‍ സിങ്ങ്? റൂളര്‍ ഓഫ് ദിസ് കണ്‍ട്രി...'

'ഓ!..ആര്‍ യു കുചേലന്‍ സിങ്ങ്? റൂളര്‍ ഓഫ് ദിസ് കണ്‍ട്രി? അഗ്ളി ഫെല്ലോ..ഗെറ്റൌട്ട്..'

അസ്തപ്രജ്ഞനായ കുചേലന്‍സിങ്ങിനു മുന്നില്‍ വിശാലമായ വഴി. ദൂരെ ചക്രവാളം മാത്രം.

അഹം ബ്രഹ്മാസ്മി.

ഇനി ആദ്യഭാഗം ഭേദങ്ങളില്ലാതെ പാടാം.

' കണ്ടാലെത്ര കഷ്ടമെത്രയും

മുഷിഞ്ഞ ജീര്‍ണ വസ്ത്രം

കൊണ്ടു തറ്റുടുത്തിട്ടുത്ത-

രീയവുമിട്ടു.....'

വിശിഷ്ടവും ഭക്തിസാന്ദ്രവുമായ ഈ കഥ മറ്റുള്ളവരെ പറഞ്ഞുകേള്‍പ്പിക്കുന്നോര്‍ക്ക് സര്‍വസമ്പല്‍സമൃദ്ധിയും, ഇഷ്ടസന്താനലബ്ധിയും ഉണ്ടാകും.

' ഇന്നിക്കഥ ചൊല്ലുന്നോര്‍ക്കും

ഭക്തിയോടെ കേള്‍ക്കുന്നോര്‍ക്കും

മന്ദമെന്യേ ധനധാന്യ

സന്തതിയുണ്ടാ.....

*
എം എം പൌലോസ്, കടപ്പാട്: ദേശാഭിമാനി

6 comments:

വര്‍ക്കേഴ്സ് ഫോറം said...

കുചേലന്‍ സിങ്ങ് അന്ന് അന്തിമയങ്ങിയപ്പോള്‍ അത്യന്തം ഖിന്നനായിരുന്നു.

സാമ്പത്തിക വകുപ്പിലെ സര്‍വാധികാര്യക്കാര്‍ തദ്ദേശവാസത്തിലെ നടപ്പുദീനം പകല്‍ മുഴുവന്‍ വരച്ചുകാട്ടി.

പിടിവിട്ടു പോയി.

രാജ്യം അസ്ഥികൂടമായി. അഗസ്ത്യകൂടം എന്നെഴുതിയത് തെറ്റിപ്പോയതാണെന്നു കരുതരുത്.

പ്രതിദിനം 150 ക അധ്വാനിച്ചും മറ്റൊരു 100 പിച്ചയെടുത്തും ഉണ്ടാക്കിയില്ലെങ്കില്‍ ആരും തെണ്ടിപ്പോകുന്ന അവസ്ഥ. അര്‍ഥം കിട്ടിയ അല്‍പ്പന്മാര്‍ നിവര്‍ത്തിപ്പിടിച്ച കുടയല്ലാതെ രാജ്യത്ത് മറ്റൊരു കൃഷിയും വിളയുന്നില്ല. ഉണ്ടാകുന്ന വിളയാകട്ടെ വേലിക്കു പോലും തിന്നാന്‍ തികയുന്നില്ല.

അരച്ചാണ്‍ വയര്‍, അവസാനിക്കാത്ത സീരിയല്‍.

കുചേലന്‍ സിങ്ങ് കൈ മടക്കി.

'ഇത് കര്‍ക്കടകം...ഇനി ചിങ്ങം .. കന്നി.. തുലാം ... വൃശ്ചികം....ധനു.ധനുമാസത്തിന്‍ തിരുവാതിര കഴിഞ്ഞാല്‍....'

ഞെട്ടിപ്പോയി കുചേലന്‍ സിങ്ങ്. തെരഞ്ഞെടുപ്പ്.

ശ്രീ. എം. എം. പൌലോസിന്റെ രചന

Anonymous said...

കുചേലവധം കഥകളിയായിരിക്കും അവസാനം!!

യദുകുലകൃഷ്ണന്‍ വേ യാങ്കികുല കൃഷ്ണന്‍ റെ.

ഈ പാശ്ചാത്യക്രിഷ് ഡോളര്‍ ഇട്ട് ഡോളര്‍ വാരുന്ന കക്ഷിയാണ്. യുദ്ധമായാലും സമാധാനമായാലും കച്ചോടമായാലും..

Anonymous said...

This is called humour?! it seems you have lost control and civilised behaviour. Whats in this article?! Very bad taste

Baiju Elikkattoor said...

".........very bad teste ഓ?" എന്താ ഇതു കോപ്രപ്പിണ്ണാക്കാണെന്നു കരുതിയോ..........!

Anonymous said...

Not Kopra pinnack, nothing but shit, absolute shit, and which is not suited for a forum called workersforum, you can rename blog as cpm mooduthangikalude blog or thalayil theettam mathramullavarude blog

Baiju Elikkattoor said...

Sometimes Arushi and sometimes Anony! A peculiar type of creature that defecate through its mouth. May be very interesting for zoologists.....!!