Saturday, March 29, 2008

ആത്മവിദ്യാലയമേ....

ഇത് ഹരിശ്ചന്ദ്രന്റെ കഥ. പറഞ്ഞ വാക്കുപാലിക്കാനായി കിരീടവും ചെങ്കോലുമെല്ലാം ഉപേക്ഷിച്ച് ശ്മശാനം കാത്ത രാജാവിന്റെ കഥ. മരവിച്ച ശവശരീരങ്ങള്‍ മാത്രം കണ്ട് വര്‍ഷങ്ങളോളം നരകതുല്യം ജോലി ചെയ്യുന്ന ഹരിശ്ചന്ദ്രന്മാര്‍ ഇന്നും. ഉറ്റവരെ തീരാദു:ഖത്തിലാഴ്ത്തി വിടപറയുന്നവര്‍ക്കും, അനാഥത്വം പേറി മരിക്കുന്നവര്‍ക്കും അവസാനം ഒരുപോലെ കാവലിരിക്കുന്നത് ഇവര്‍ മാത്രം; മരണത്തിനു മുന്നില്‍ വലുപ്പചെറുപ്പമില്ലെന്ന യാഥാര്‍ഥ്യം ബോധ്യപ്പെടുന്നതപ്പോള്‍ മാത്രം.

തിരുവനന്തപുരം ജില്ലയിലെ തൈക്കാട് ശ്മശാനത്തിലേക്കൊന്നു കടന്നുചെല്ലൂ; ശ്മശാനത്തിന്റെ ഭീകരതയും മനംമടുപ്പിക്കുന്ന അന്തരീക്ഷവും വകവെക്കാതെ ജീവിതത്തിന് പുതിയ താളം കണ്ടെത്തുകയാണ് ഒരുപറ്റം സ്ത്രീകള്‍. ഒരു ശവശരീരം ദഹിപ്പിച്ചു കഴിഞ്ഞാല്‍ അതിന്റേതായ ബാക്കിയിരിപ്പുകള്‍ നീക്കം ചെയ്യുന്ന ജോലിയാണ് പ്രധാനമായും ഇവരുടേത്. സംസ്കാരകര്‍മ്മങ്ങള്‍ കഴിഞ്ഞശേഷമുള്ള പൂക്കളും ഉടഞ്ഞ മരക്കഷണങ്ങളുമെല്ലാം തുടച്ചുമാറ്റി അടുത്ത സംസ്കാരത്തിനായി കാത്തുനില്‍ക്കുന്ന ഇവര്‍ക്ക് ഇന്നിതാണ് ജീവിതമാര്‍ഗം.

ശ്മശാനപരിസരം ശുചിയാക്കി വേറിട്ടകാഴ്ചകളാവുകയാണ് തൈക്കാട് ശാന്തികവാടം കുടുംബശ്രീയൂണിറ്റിലെ ആറംഗങ്ങള്‍. കഴിഞ്ഞ ആറുമാസമായി ശാന്തികവാടത്തിലെ ജോലിയുമായി ഇവര്‍ പൊരുത്തപ്പെട്ടുകഴിഞ്ഞു. ദഹിപ്പിക്കാന്‍ കൊണ്ടുവരുന്ന മൃതദേഹങ്ങളില്‍ ദുര്‍ഗന്ധം വമിക്കുന്നവയുണ്ടാകാം; രക്തം ഇറ്റുവീഴുന്നവയുണ്ടാകാം; പക്ഷെ, അതൊന്നും ഇന്നിവര്‍ക്ക് അന്യമല്ല. മരിച്ചയാളുടെ പേര് രജിസ്റ്റര്‍ ചെയ്ത് ബില്‍ നല്‍കുന്നതോടെ ഇവരുടെ ഡ്യൂട്ടി ആരംഭിക്കുകയായി. മരിച്ചയാളിനുവേണ്ടി ബന്ധുക്കള്‍ കര്‍മ്മം ചെയ്തു ബാക്കിയാകുന്ന പൂക്കളും കുടവുമെല്ലാം മാറ്റി പരിസരം ശുചിയാക്കുകയാണ് തുടര്‍ജോലി. വൈദ്യുതിശ്മശാനത്തില്‍ മൃതദേഹം സംസ്കരിക്കാന്‍ വെക്കുമ്പോഴും തൊട്ടരുകില്‍ ഇവരുണ്ടാകും. മൃതദേഹം ചൂളയിലേക്കു കയറ്റുമ്പോഴേക്കും അതിന്റെ അവശിഷ്ടങ്ങള്‍ നീക്കും. പലപ്പോഴും വാര്‍ന്നൊലിച്ച രക്തം തുടച്ചുമാറ്റേണ്ടി വരും. ചൂളയില്‍ നിന്നുയരുന്നതാകട്ടെ അസഹ്യമായ ചൂടും. ഈ ചുറ്റുപാടില്‍ നിന്നുകൊണ്ടാണ് പത്തുപതിനഞ്ചു മിനിറ്റോളം ശ്മശാനപരിസരം വൃത്തിയാക്കുന്നത്. ചില സന്ദര്‍ഭങ്ങളില്‍ ഉടന്‍ തന്നെ അടുത്ത ഊഴവും വന്നു ചേരും.

"ചില മൃതദേഹങ്ങളില്‍ നിന്നും ഒഴുകിയ രക്തം തുടച്ചുനീക്കുമ്പോള്‍ ആദ്യമാദ്യം അറപ്പുതോന്നി; പക്ഷെ ഇന്നതെല്ലാം ജീവിതമാര്‍ഗത്തിന്റെ ഭാഗമായി.'' കുടുംബശ്രീയൂണിറ്റ് സെക്രട്ടറിയായ എസ് വിമലയുടെ വാക്കുകള്‍.

ഒരു തൊഴിലുമില്ലാതെ ജീവിതം വഴിമുട്ടിയ നാളുകളില്‍ കുടുംബശ്രീഅംഗങ്ങളായവരാണ് ഈ സ്ത്രീകള്‍. ചിലര്‍ വീട്ടുവേലക്കും മറ്റും പോയിരുന്നു. ആറ് പേരും ആറ് കുടുംബശ്രീയൂണിറ്റിലെ അംഗങ്ങള്‍. തൈക്കാട് വാര്‍ഡിലെ വിവിധ യൂണിറ്റുകളില്‍ നിന്നും ഓരോ അംഗങ്ങളെ വീതം ചേര്‍ത്ത് ഈ ജോലിക്കായി പുതിയ യൂണിറ്റ് തുടങ്ങി. വിമല, ബിന്ദു, ഷീല, രമണി, ശാന്തിനി, ലതാകുമാരി എന്നിവരാണ് ശ്മശാനജോലിക്കാര്‍. രണ്ട് ഷിഫ്റ്റായാണ് ജോലി. രാവിലെ ഏഴു മണിമുതല്‍ ഒരുമണി വരെ മൂന്നുപേര്‍ ജോലി ചെയ്യും. പകല്‍ ഒന്നുമുതല്‍ 6 വരെ മറ്റു മൂന്നു പേരും.

"കരിനാളുകളില്‍ മരിച്ചാല്‍ ദോഷം തീര്‍ക്കാനായി ചിലര്‍ കോഴികളെ അറുക്കും. മുട്ട പൊട്ടിക്കും. എല്ലാം കഴിഞ്ഞ് അതെല്ലാം വൃത്തിയാക്കുമ്പോഴും ഇന്ന് ഒരു വരുമാനം ലഭിച്ച സംതൃപ്തി മാത്രം''ഷീല പറഞ്ഞു.

ഒരു ശവം സംസ്കരിക്കുന്നതിന് എപിഎല്‍ വിഭാഗം 1,100 രൂപ നല്‍കണം. ബിപിഎല്‍ വിഭാഗം 600 രൂപയും. ഓരോ കുടുംബശ്രീഅംഗത്തിനും 50 രൂപ വീതമാണ് ദിവസക്കൂലി. ഇവര്‍ക്കു പുറമേ നാല് പുരുഷന്മാരാണ് ശവം ദഹിപ്പിക്കുന്നത്. വിറകിന്റെ ചുമതല മറ്റ് ആറ് പേര്‍ക്കും. ജീവിതം കരപിടിക്കുന്ന സന്തോഷത്തിന്റെ നിറവിലാണ് ഇന്ന് ഈ സ്ത്രീകള്‍. അപൂര്‍വങ്ങളില്‍ അപൂര്‍വമായ ഈ തൊഴിലും കഴിഞ്ഞ് വീടണയുമ്പോള്‍ ഓരോ അംഗത്തിന്റെയും മനസിലുള്ളത് ആത്മസംതൃപ്തി മാത്രം.

-കടപ്പാട്: ദേശാഭിമാനി സ്ത്രീ സപ്ലിമെന്റ്

1 comment:

വര്‍ക്കേഴ്സ് ഫോറം said...

ഇത് ഹരിശ്ചന്ദ്രന്റെ കഥ. പറഞ്ഞ വാക്കുപാലിക്കാനായി കിരീടവും ചെങ്കോലുമെല്ലാം ഉപേക്ഷിച്ച് ശ്മശാനം കാത്ത രാജാവിന്റെ കഥ. മരവിച്ച ശവശരീരങ്ങള്‍ മാത്രം കണ്ട് വര്‍ഷങ്ങളോളം നരകതുല്യം ജോലി ചെയ്യുന്ന ഹരിശ്ചന്ദ്രന്മാര്‍ ഇന്നും. ഉറ്റവരെ തീരാദു:ഖത്തിലാഴ്ത്തി വിടപറയുന്നവര്‍ക്കും, അനാഥത്വം പേറി മരിക്കുന്നവര്‍ക്കും അവസാനം ഒരുപോലെ കാവലിരിക്കുന്നത് ഇവര്‍ മാത്രം; മരണത്തിനു മുന്നില്‍ വലുപ്പചെറുപ്പമില്ലെന്ന യാഥാര്‍ഥ്യം ബോധ്യപ്പെടുന്നതപ്പോള്‍ മാത്രം.