Friday, February 22, 2008

എന്തുകൊണ്ട് ഗുജറാത്ത് ?

ഗുജറാത്തില്‍ മോഡി ഭരണമേറ്റിട്ടു 50 ദിവസം കഴിഞ്ഞു. തങ്ങള്‍ക്ക് നേരിട്ട കഠിന തോല്‍‌വിക്ക് കാരണം കണ്ടെത്തുന്ന തിരക്കിലാണ് കോണ്‍ഗ്രസ് ഇപ്പോഴും.ഉത്തര ഗുജറാത്തില്‍ ബി.ജെ.പി. വിരുദ്ധ വോട്ടുകള്‍ ഭിന്നിച്ചതും, കച്ച് സൌരാഷ്ട്ര പ്രദേശത്ത് ബഹുജന്‍ സമാജ്‌വാദി പാര്‍ട്ടിയുടെ സ്വാധീനം, ബി.ജെ.പി. വിമതന്മാരായ നേതാക്കളെ അമിതമായി ആശ്രയിച്ചത് മുതലായവ തോല്‍‌വിയുടെ‍ പ്രധാന കാരണങ്ങളായി കോണ്‍ഗ്രസ് നിരത്തുന്നു. നിശ്ചയമായും ഇതില്‍ അല്പം വാസ്തവം ഉണ്ടാവാം. 2000-ല്‍ താഴെ വോട്ടിനാണ് ഏതാണ്ട് 20 മണ്ഡലങ്ങളില്‍ അവര്‍ പരാജയപ്പെട്ടത്. എന്നാല്‍ മോഡിയുടെ 'വികസനം', 'നല്ല ഭരണം' എന്ന വ്യാജസൂക്തങ്ങളെ കണിശതയോടെ എതിര്‍ത്തും പാവപ്പെട്ടവനെ മുന്നില്‍ക്കണ്ട് ബദല്‍ നയങ്ങള്‍ മുന്നോട്ടുവച്ചും ഏകാഗ്രതയോടെ പൊരുതിയിരുന്നെങ്കില്‍ അല്പംകൂടി മെച്ചപ്പെട്ട പ്രവര്‍ത്തനം കോണ്‍ഗ്രസ്സിന് കാഴ്ചവയ്ക്കാന്‍ കഴിയുമായിരുന്നു. നരേന്ദ്രമോഡിയുടെ വ്യക്തിത്വവും, ഹിന്ദുവര്‍ഗ്ഗീയ പ്രീണനനയവും ഗുജറാത്തിയുടെ ആത്മാഭിമാനം ഉയര്‍ത്തും എന്ന പ്രചരണവും എതിര്‍ക്കുന്നതിനും കോണ്‍ഗ്രസ്സിന് പ്രത്യേകിച്ച് ഒന്നും ചെയ്യാന്‍ സാധിച്ചില്ല. ജാതി, മതം, പ്രാദേശികത, വര്‍ഗ്ഗം മുതലായ കണക്കുകൂട്ടലുകളില്‍ ഊന്നി സാധാരണ പോലെയാവും തെരഞ്ഞെടുപ്പ് എന്ന കോണ്‍ഗ്രസ്സിന്റെ കണക്കുകൂട്ടലാണ് തെറ്റിയത്.

നരേന്ദ്രമോഡിയുടെ തീവ്ര അജണ്ടകളെ എതിര്‍ക്കുന്നതിനു പകരം ഒരു മൃദുഹിന്ദുത്വ നിലപാടില്‍ കോണ്‍ഗ്രസ് എത്തി. മുസ്ലീമുകളെ പരസ്യമായി ഒഴിവാക്കുകയും തുടര്‍ച്ചയായി പീഢിപ്പിക്കുകയും ചെയ്യുക എന്ന മോഡിയുടെ തന്ത്രത്തെ അവര്‍ക്ക് തുറന്നുകാട്ടാനായില്ല.

ഉയര്‍ന്ന ജി.ഡി.പി വളര്‍ച്ചയ്ക്കിടയിലും ഗുജറാത്തിലെ വികസനത്തിന്റെ യഥാര്‍ത്ഥ കണക്കുകള്‍ വികസനം താഴോട്ടാണെന്ന് സൂചിപ്പിക്കുന്നു. ആരോഗ്യം, സാക്ഷരത, വിദ്യാഭ്യാസം, സ്ത്രീ ശാക്തീകരണം എന്നീ മേഖലകളില്‍ കീഴ്പ്പോട്ടുള്ള പോക്ക് 2004-ലെ ഔദ്യോഗിക മാനവശേഷി വികസന റിപ്പോര്‍ട്ട് തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്. 74.3% സ്ത്രീകളും 46.3% കുട്ടികളും അനാരോഗ്യവും വിളര്‍ച്ചയും ഉള്ളവരാണ് എന്നുള്ളത് അസന്തുലിതമായ 'വികസന'ത്തിന്റെ തെളിവാണ്. 1998-99-ല്‍ 53% ത്തില്‍ നിന്നും 2005-06 ല്‍ 45% ത്തിലേയ്ക്ക് രണ്ടു വയസ്സില്‍ താഴെയുള്ള കുട്ടികളുടെ പ്രതിരോധ കുത്തിവയ്പിന്റെ നിരക്ക് കുറഞ്ഞു. കുട്ടികളുടെ ആണ്‍-പെണ്‍ നിരക്ക് ദേശീയ ശരാശരിയേക്കാള്‍ വളരെ താഴെയാണ്. സാമൂഹ്യ ആവശ്യങ്ങള്‍ക്കായുള്ള ചെലവ് ആകെ ചെലവിന്റെ അനുപാതവുമായി താരതമ്യം ചെയ്യുമ്പോള്‍ 21 സംസ്ഥാനങ്ങളില്‍ ഗുജറാത്ത് 19-ാമതായി നില്‍ക്കുന്നു.
അഹമ്മദാബാദ്-ബറോഡ എക്സ്പ്രസ്സ് ഹൈവേ ഉള്‍പ്പെടെ നിരവധി ഉന്നതനിലവാരം പുലര്‍ത്തുന്ന റോഡുശൃംഖല ഗുജറാത്തിലുണ്ട്. പക്ഷേ ഇവ ഗുജറാത്തി ഗ്രാമങ്ങളെ ഒറ്റപ്പെടുത്തുകയും സ്വാഭാവിക നീരൊഴുക്കിന് തടസ്സം സൃഷ്ടിച്ച് ഗ്രാമങ്ങളില്‍ വെള്ളപ്പൊക്കമുണ്ടാക്കുകയും ചെയ്യുന്നു. സാധാരണക്കാരും ഗ്രാമീണരും ആയ ജനവിഭാഗം ഈ എക്സ്പ്രസ്സ് പാതയുടെ ടോള്‍ നല്‍കാനാകാതെ കാളവണ്ടിയിലും ഒട്ടകവണ്ടിയിലും യാത്രചെയ്യേണ്ടിവരുന്നു.

ഗുജറാത്ത് വ്യാപകമായി വ്യവസായവല്‍ക്കരിക്കപ്പെടുന്നു. പക്ഷേ ലോകത്തെതന്നെ ഏറ്റവും അപകടം പിടിച്ച വ്യവസായങ്ങള്‍ ഇവിടെയാണ് (ഡയമണ്ട് കട്ടിങ്ങ്, കപ്പല്‍ പൊളിക്കല്‍ മുതലായവ). തൊഴിലാളി ചൂഷണം വ്യാപകമാണ്. ഗുരുതരമായ അന്തരീക്ഷ മലിനീകരണം, വിഷമയമായ രാസപദാര്‍ത്ഥങ്ങള്‍ ഇവയാല്‍ സാധാരണക്കാരന്റെ ജീവിതം ദുരിതപൂര്‍ണ്ണമാണ്. മിനിമം കൂലി ഏറ്റവും കുറച്ചുനല്‍കുന്ന എട്ടാമത്തെ സംസ്ഥാനമാണ് ഗുജറാത്ത്. എന്നാല്‍ ഇവ വസ്തുതാപരമായി മനസ്സിലാക്കുന്നതിനോ ജനങ്ങളെ ഉള്‍പ്പെടുത്തിയുള്ള വികസനം എന്ന മുദ്രാവാക്യം ഉയര്‍ത്തുന്നതിനോ ദൌര്‍ഭാഗ്യവശാല്‍ കോണ്‍ഗ്രസ്സിനായില്ല.വി.എച്ച്.പി, എ.ബി.വി.പി എന്നീ സംഘടനകള്‍ക്ക് ഗുജറാത്തിലെ എല്ലാ ഗ്രാമങ്ങളിലും ശാഖകളുണ്ട്. വര്‍ഗ്ഗീയതയ്ക്ക് ആഴത്തില്‍ വേരോട്ടമുള്ള സംസ്ഥാനമാണ് ഗുജറാത്ത്. ആധുനിക ഇന്ത്യയിലെ ആദ്യത്തെ വര്‍ഗ്ഗീയ കലാപം 1713 ല്‍ നടന്നതും കുപ്രസിദ്ധമായ 1893 ഹിന്ദു-മുസ്ലീ കലാപം ഇവയൊക്കെ നടന്നത് ഗുജറാത്തിലാണ്. ഗുജറാത്തിനായി ആര്യസമാജം സ്ഥാപകന്‍ ദയാനന്ദസരസ്വതി 19-ാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ ഗുജറാത്തില്‍ പര്യടനം നടത്തി വേദങ്ങളുടെ മാഹാത്മ്യം ജനങ്ങളില്‍ എത്തിച്ചിരുന്നു. മുസ്ലീങ്ങളെ തിരികെ പരിവര്‍ത്തനം നടത്താനായി ശ്രമിച്ചിരുന്ന സിദ്ധാനന്ത് ഇദ്ദേഹത്തിന്റെ പിന്‍ഗാമിയയായിരുന്നു. സ്വാതന്ത്ര്യസമരകാലത്ത് പോലും ഗുജറാത്തില്‍ ഗുണ്ടേരപൂജ, ഗോമാതാ സംരക്ഷണം മുതലായ ഹിന്ദുത്വ സൂക്തകങ്ങള്‍ ഉപയോഗിക്കപ്പെട്ടിരുന്നു. സ്വാതന്ത്ര്യസമരത്തെ 'ധര്‍മ്മയുദ്ധ'മായും ബ്രിട്ടീഷ് ഭരണത്തെ 'രാവണ രാജ് ' ആയും ചിത്രീകരിച്ചിരുന്നു. ഇരുപതാം നൂറ്റാണ്ടോടെ ഗുജറാത്തില്‍ വര്‍ഗ്ഗീയ സംഘടനകള്‍ വ്യാപകമായി. സ്വാതന്ത്ര്യസമര ഭാഗമായ ദണ്ഡിയാത്ര, ബര്‍ഡോലി സത്യാഗ്രഹം മുതലായവ ഹിന്ദു-മുസ്ലീം സംഘട്ടനത്തിനിടയിലാണ് നടന്നത്. ഗുജറാത്തിയുടെ ബിസിനസ്സ് സമൂഹവും മനസ്സും എന്നും വലതുപക്ഷത്തിന് അനുകൂലമായിരുന്നു. 1930 കളില്‍ ഗാന്ധിജിയുടെ ഗുജറാത്തില്‍ നിന്നുള്ള പോക്കും വല്ലഭായി പട്ടേലിന്റെ ഉയര്‍ച്ചയും ഹിന്ദുത്വവളര്‍ച്ചയ്ക്ക് സഹായകമായി.

വിഭജനകാരണങ്ങള്‍

ഗുജറാത്തിനെ ഇന്നത്തെസ്ഥിതിയിലെത്തിച്ചത് പ്രധാനമായും മൂന്ന് കാരണങ്ങളാണ്. 'പാട്ടിദര്‍' കര്‍ഷകരും 'ബ്രാഹ്മണരും' 'ബനിയ'കളും ചേര്‍ന്ന് നഗരങ്ങളില്‍ പണ്ടേ ഉണ്ടായ ഐക്യം ഗുജറാത്തിനെ 'ഭദ്ര ഗുജറാത്ത്' എന്നും "ആം ഗുജറാത്ത്'' എന്നും രണ്ടായി തിരിച്ചു എന്നാണ് സാമൂഹ്യശാസ്ത്രജ്ഞര്‍ പറയുന്നത്.

ഒരു ദളിത്, ഒ.ബി.സി മുന്നേറ്റവും ഉണ്ടാകാത്ത അപൂര്‍വ്വം സംസ്ഥാനങ്ങളില്‍ ഒന്നാണ് ഗുജറാത്ത് എന്നത് പ്രത്യേകം പ്രസ്താവ്യമാണ്. എന്നാല്‍ 1980 ല്‍ പരീക്ഷണാര്‍ത്ഥം കോണ്‍ഗ്രസ് ഉണ്ടാക്കിയ ക്ഷത്രിയ, ഹരിജന്‍, ആദിവാസി - മുസ്ലിം മുന്നണി അസംബ്ലി തിരഞ്ഞെടുപ്പില്‍ റെക്കര്‍ഡ് 140 സീറ്റുകളോടെ വിജയിച്ചിരുന്നു. ഈ സര്‍ക്കാരിനെതിരെ ഉയര്‍ന്ന ജാതി സംഘടനകള്‍ തെരുവിലിറങ്ങുകയും ദളിത് സംവരണത്തിനെതിരെ അക്രമാസക്തമയ പ്രക്ഷോഭം നയിക്കുകയും ചെയ്തു. 1985-86 ല്‍ ഒ.ബി.സി സംവരണത്തിനെതിരെയും ഒരു പ്രക്ഷോഭം നടക്കുകയുണ്ടായി. ഈ സമരങ്ങളുടെ മുന്‍നിര നായകരിലൊരാള്‍ സാക്ഷാല്‍ നരേന്ദ്രമോഡിയായിരുന്നു. ഇതേ ശക്തികള്‍ 2002 ഗോദ്ര സംഭവത്തിനുശേഷം നടന്ന അക്രമങ്ങളിലും പങ്കെടുത്തതായി കാണാം.

രണ്ടാമത്തെ കാരണമായി കാണാവുന്നത് വിദേശ ഇന്ത്യക്കാരുടെ യാഥാസ്ഥിതിക നിലപാടാണ്. വടക്കെ അമേരിക്കയില്‍ ഉയര്‍ന്ന നിലവാരത്തില്‍ ജോലിചെയ്യുന്ന ഇന്ത്യാക്കാരില്‍ ഭൂരിപക്ഷവും ഗുജറാത്തികളാണ്. അകലെനിന്ന് 'ദേശസ്നേഹം' പ്രകടിപ്പിക്കുന്ന ഇവര്‍ യുവതലമുറയെ സ്വാധീനിക്കുന്നു. ഇക്കൂട്ടര്‍ തീര്‍ത്തും യാഥാസ്ഥിതിക നിലപാട് പുലര്‍ത്തുന്നു.

മൂന്നാമത്തെ കാരണം ഗുജറാത്തിന്റെ ദുര്‍ബലമായ ലിബറല്‍ സംസ്കാരമാണ്. പാഴ്സിയും മുസ്ലീമും ഹിന്ദുവും മൈത്രിയോടെ ജീവിച്ചിരുന്ന ഒരിടമായിരുന്നു ഗുജറാത്ത്. ആധുനിക കാലത്ത് മത സഹിഷ്ണുത നഷ്ടപ്പെട്ടിരിക്കുന്നു. ശക്തമായ തൊഴിലാളി പ്രസ്ഥാനങ്ങളുടെ അഭാവം ഇത് വര്‍ദ്ധിപ്പിക്കുന്നു. മുതലാളി പ്രേരിത മസൂര്‍-മഹാജന്‍ ട്രേഡ് യൂണിയനുകളുടെ ആവിര്‍ഭാവം പ്രശ്നങ്ങളെ സങ്കീര്‍ണ്ണമാക്കി. ഇവര്‍ തൊഴിലാളികളുടെ ചൂഷകരായി വ്യവസായികളെ കാണുന്നതിനു പകരം അവരെ 'ട്രസ്റ്റി'കളായി കണ്ടിരുന്ന കാല്പനിക കാഴ്ചപ്പാടുള്ളവരായിരുന്നു. പുത്തന്‍ സംസ്കാരം ഉരുത്തിരിഞ്ഞ് വരേണ്ടത് ജനകീയ പോരാട്ടങ്ങളില്‍ നിന്നാണ്. ഇത്തരം ഒരു സംഭവവും ഗുജറാത്തിലുണ്ടായില്ല. ജനകീയ പോരാട്ടങ്ങളുടെ കുറവും തൊഴിലാളി സംഘടനകളുടെ ദുര്‍ബല ഭാവവും ഗുജറാത്തിലെ വന്‍കിടക്കാര്‍ക്ക് സൌകര്യമായി. മനുഷ്യാവകാശ ലംഘനങ്ങള്‍ ചോദ്യം ചെയ്യപ്പെട്ടില്ല.

ഇന്ത്യയില്‍ ആദ്യമായി ഹിന്ദുത്വം മാത്രം മഹത് വല്‍ക്കരിച്ചും മറ്റുള്ളവയെല്ലാം മോശമായി ചിത്രീകരിച്ചും പാഠ പുസ്തകങ്ങള്‍ തിരുത്തി എഴുതിയത് ഗുജറാത്തിലാണ്. അഹമ്മദാബാദ് പോലുള്ള നഗരങ്ങളില്‍ ഭൂമിശാസ്ത്രപരമായ വേര്‍തിരിവ് പ്രത്യക്ഷപ്പെട്ടു. ഒരു പ്രദേശം മുസ്ലിം എന്നും മറ്റുള്ളവ ഹിന്ദു എന്നും മാറി. ഇത് മതവിഭാഗങ്ങള്‍ തമ്മിലുള്ള സാമൂഹ്യമായ അകല്‍ച്ച വര്‍ദ്ധിപ്പിക്കുന്നതിനും കാരണമായി. ഒരുപക്ഷേ സാംസ്കാരികമായി ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന തലത്തിലുള്ള ന്യൂനപക്ഷ സമുദായമായ ഗുജറാത്തി മുസ്ലിങ്ങള്‍ വില്ലന്മാരായി ചിത്രീകരിക്കപ്പെട്ടു. എന്നാല്‍ പരമ്പരാഗതമായി ഗുജറാത്തി മുസ്ലീമുകള്‍ മാന്യമായ തൊഴിലും ജീവിതരീതിയും ആചാരങ്ങളുമുള്ള ഏതാണ്ട് 130 ഓളം വിഭാഗക്കാരുണ്ട്. താരതമ്യേന ഏറ്റവും സമാധാന മാര്‍ഗ്ഗങ്ങളിലൂടെയാണ് ഗുജറാത്തില്‍ ഇസ്ലാം പ്രചരിപ്പിച്ചതും.

പ്രാദേശിക ദേശീയതയുടെ കഠിനവിഷം

ഗുജറാത്തി പ്രാദേശിക ദേശീയതയുടെ തീവ്രവിഷ സ്വഭാവവും നരേന്ദ്രമോഡിയുടെ അസാമാന്യ വ്യക്തിപ്രഭാവവും എങ്ങനെ വിശദീകരിക്കാന്‍ കഴിയും? 1960ലെ പഴയ ബോംബെ സംസ്ഥാനവിഭജനത്തില്‍ ഗുജറാത്ത് വേറിട്ടതിന്റെ വേദന ഇടത്തരക്കാരുടെ മനസ്സില്‍ ആഴത്തില്‍ പതിഞ്ഞിരുന്നു. നര്‍മ്മദ ഡാമിന്റെ അനുമതിക്കുണ്ടായ കാലതാമസം ബോധപൂര്‍വ്വം ഗുജറാത്തിനെതിരായ ഗൂഢാലോചനയുടെ ഫലമായുണ്ടായതാണ് എന്നും ശരാശരി ഗുജറാത്തി തെറ്റായി ധരിച്ചിരുന്നു. നര്‍മ്മദ ഡാം ഉണ്ടായാല്‍ ഗുജറാത്ത് അസാമാന്യ പുരോഗതി കൈവരിക്കുമെന്ന് പ്രചരിപ്പിക്കുന്നതില്‍ രാഷ്ട്രീയപാര്‍ട്ടികള്‍ മത്സരിച്ചിരുന്നു. മേധാപട്ക്കറിന്റെ 'നര്‍മ്മദ ബച്ചാവോ ആന്തോളന്‍' പ്രക്ഷോഭം ഗുജറാത്തിനെതിരെയാണ് എന്നും അവര്‍ ധരിച്ചിരുന്നു.

വളരെ തന്ത്രപരമായി മോഡി 'ഗുജറാത്തി ദേശീയത'യുടെ കാര്‍ഡ് ഇറക്കിക്കളിക്കുകയും അതില്‍ വിജയിക്കുകയും ചെയ്തു. തന്റെ ഭരണത്തിലെ തീരുമാനങ്ങളെടുക്കാനുള്ള വേഗതയും കഴിവും, ദൃഢനിശ്ചയം, ആന്തരികമായ കരുത്ത് ഇവയാണ് യഥാര്‍ത്ഥ ശക്തിയെന്നും മറ്റും പ്രചരിപ്പിച്ച് അസാമാന്യ വ്യക്തിപ്രഭാവം കൈവരിച്ചു. ജനാധിപത്യപരമായ പ്രവര്‍ത്തനത്തെക്കാള്‍ മേല്‍ വിവരിച്ചവയാണ് ശക്തമായ ഭരണം എന്ന് പ്രചരിപ്പിച്ചു. ഏകാധിപതി എന്ന ഒരു 'ഇമേജ്' മോഡിക്കുണ്ടായതും അനുകൂലമാകുന്ന വിചിത്ര കാഴ്ച നാം കണ്ടു. ഹിന്ദുത്വത്തിന്റെ പ്രചാരകനായ ഒരു ഹൈന്ദവ ഏകാധിപതിയാണ് ഗുജറാത്തിനാവശ്യം എന്ന് പ്രചരിപ്പിച്ചു. ഇക്കാലയളവില്‍ തന്നെ വികസനത്തിന്റെ പേരില്‍ 'പ്രത്യേക സാമ്പത്തിക' മേഖലകള്‍ ഉണ്ടാക്കുകയും ജനങ്ങളെ നിര്‍ദ്ദാക്ഷിണ്യം ഒഴിപ്പിക്കുകയും ചെയ്തു. മനുഷ്യാവകാശങ്ങള്‍ ചവിട്ടി മെതിച്ചു.

ഈ ഭരണത്തിന്റെ കണ്ണില്‍ച്ചോരയില്ലാത്ത കാഠിന്യവും തീരുമാനങ്ങള്‍ നടപ്പിലാക്കുന്നതിന്റെ കരുത്തും മോഡിക്ക് ഒരു ഫാസിസ്റ്റ് ഏകാധിപതിയുടെ 'ഇമേജ്' ഉണ്ടാക്കികൊടുത്തു. മദ്ധ്യവര്‍ഗ്ഗം ഇത് ശരിക്കും ആസ്വദിക്കുകയും അവരുടെ സ്വത്വം മറന്ന് മോഡിയുടെ മുഖാവരണം അണിയുകയും ചെയ്തു. ഇടത്തരം ഗുജറാത്തിയുടെ സിംഹഭാഗവും 2002ലെ കലാപത്തിലെന്തു സംഭവിച്ചു എന്ന് ഒരല്പം പോലും കുണ്ഠിതപ്പെടില്ല. ഇതെല്ലാം കാണിക്കുന്നത് ഗുജറാത്ത് സംസ്ഥാനം എത്തിപ്പെട്ടിരിക്കുന്ന ദയനീയമായ സാമൂഹ്യാവസ്ഥയാണ്. സംസ്ഥാനം ഹിന്ദുത്വ പരീക്ഷണശാലയില്‍ നിന്നും പുരോഗമിച്ച് വന്‍കിട ഹിന്ദുത്വ ഫാക്ടറിയായി മാറി. മോഡി ഇനി ഒരു ദേശീയ അവസരത്തിനുവേണ്ടി ശ്രമിക്കും എന്ന് നിശ്ചയം. അധികാരത്തിന്റെ ഭക്തരായ സംഘപരിപാറിനും ഇദ്ദേഹത്തിനെ ഭാവിയില്‍ പൂര്‍ണ്ണമായി നിലയ്ക്ക് നിര്‍ത്താനാകുമോ എന്നു കണ്ടറിയണം.

ഈ അവസ്ഥയെ നേരിടേണ്ടത് സ്വാതന്ത്ര്യത്തിലും മതേതരത്വത്തിലും ഒന്നിച്ചുള്ള വളര്‍ച്ചയിലും വിശ്വസിക്കുന്ന ഓരോരുത്തരുടേയും കടമയാണ്. ഇതില്‍ നിന്നും നമുക്കാര്‍ക്കും വിട്ടുനില്‍ക്കാനാവില്ല.

ലേഖകന്‍: ശ്രീ. പ്രഫുല്‍ ബിദ്വായ്. പരിഭാഷ: ശ്രീ.വി.ബി.പരമേശ്വരന്‍

4 comments:

വര്‍ക്കേഴ്സ് ഫോറം said...

ഗുജറാത്തില്‍ മോഡി ഭരണമേറ്റിട്ടു രണ്ടു മാസമാകാറായി. തങ്ങള്‍ക്ക് നേരിട്ട കഠിന തോല്‍‌വിക്ക് കാരണം കണ്ടെത്തുന്ന തിരക്കിലാണ് കോണ്‍ഗ്രസ് ഇപ്പോഴും.ഉത്തര ഗുജറാത്തില്‍ ബി.ജെ.പി. വിരുദ്ധ വോട്ടുകള്‍ ഭിന്നിച്ചതും, കച്ച് സൌരാഷ്ട്ര പ്രദേശത്ത് ബഹുജന്‍ സമാജ്‌വാദി പാര്‍ട്ടിയുടെ സ്വാധീനം, ബി.ജെ.പി. വിമതന്മാരായ നേതാക്കളെ അമിതമായി ആശ്രയിച്ചത് മുതലായവ തോല്‍‌വിയുടെ‍ പ്രധാന കാരണങ്ങളായി കോണ്‍ഗ്രസ് നിരത്തുന്നു. നിശ്ചയമായും ഇതില്‍ അല്പം വാസ്തവം ഉണ്ടാവാം. 2000-ല്‍ താഴെ വോട്ടിനാണ് ഏതാണ്ട് 20 മണ്ഡലങ്ങളില്‍ അവര്‍ പരാജയപ്പെട്ടത്.

എന്നാല്‍ മോഡിയുടെ 'വികസനം', 'നല്ല ഭരണം' എന്ന വ്യാജസൂക്തങ്ങളെ കണിശതയോടെ എതിര്‍ത്തും പാവപ്പെട്ടവനെ മുന്നില്‍ക്കണ്ട് ബദല്‍ നയങ്ങള്‍ മുന്നോട്ടുവച്ചും ഏകാഗ്രതയോടെ പൊരുതിയിരുന്നെങ്കില്‍ അല്പംകൂടി മെച്ചപ്പെട്ട പ്രവര്‍ത്തനം കോണ്‍ഗ്രസ്സിന് കാഴ്ചവയ്ക്കാന്‍ കഴിയുമായിരുന്നു.

നരേന്ദ്രമോഡിയുടെ വ്യക്തിത്വവും, ഹിന്ദുവര്‍ഗ്ഗീയ പ്രീണനനയവും ഗുജറാത്തിയുടെ ആത്മാഭിമാനം ഉയര്‍ത്തും എന്ന പ്രചരണവും എതിര്‍ക്കുന്നതിനും കോണ്‍ഗ്രസ്സിന് പ്രത്യേകിച്ച് ഒന്നും ചെയ്യാന്‍ സാധിച്ചില്ല. ജാതി, മതം, പ്രാദേശികത, വര്‍ഗ്ഗം മുതലായ കണക്കുകൂട്ടലുകളില്‍ ഊന്നി സാധാരണ പോലെയാവും തെരഞ്ഞെടുപ്പ് എന്ന കോണ്‍ഗ്രസ്സിന്റെ കണക്കുകൂട്ടലാണ് തെറ്റിയത്.

എന്തുകൊണ്ട് ഗുജറത്ത് എന്നതിനുത്തരം തേടിയുള്ള പ്രഫുല്‍ ബിദ്വായിയുടെ അന്വേഷണം

ശെരീഖ്‌ ഹൈദര്‍ വെള്ളറക്കാട്‌ said...

വര്‍ക്കേഴ്സ്‌ ഫോറത്തിന്‌ നന്ദി, നുണകളും, വെറുപ്പും വിതറികൊണ്ട്‌ അധികരത്തിന്റെ മത്ത്‌ പിടിച്ച മനുഷ്യ പിശാചുകള്‍ ഇന്ത്യയുടെ മതേതര മനസ്സിനെ കൊന്നു കൊലവിളിച്ച്‌ കൊണ്ട്‌ തേരോട്ടം നടത്തുംബോള്‍ അതിന്റെ പുറം പൂച്ചുകളില്‍ മയങ്ങികൊണ്ട്‌ ഒരു പറ്റം ആളുകള്‍ ഓശാനപാടുന്നത്‌ ബ്ലോഗുകളിലും സ്ഥിരം കാഴ്ചയാണ്‌. ഈ തുറന്ന് കാട്ടലുകള്‍ അവരെ ചിന്തിപ്പിച്ചാല്‍ നന്ന്. മാനവികതക്ക്‌ നോരെ മുഖം തിരിച്ചുകൊണ്ട്‌ നടക്കുന്ന ഏത്‌ അഡമായ താലിബാന്‍ ചിന്തഗതികളെയും വോരോടെ മുറിച്ചു കളയേണ്ടത്‌ സമാധാനം അഗ്രഹിക്കുന്ന ഏതൊരാളുടെയും കടമയണ്‌. മതങ്ങളുടെ ദുരുപയോഗത്തിലൂടെ അടച്ചുകളയുന്നത്‌ മാനവരാശിക്ക്‌ വഴികാട്ടേണ്ട യഥാര്‍ത്ത ആശയങ്ങളുടെ അന്തസത്തയെയാണ്‌. സത്യസന്ധമായ ജീവിത ഇടപെടലുകള്‍ നടത്തുക എന്നത്‌ മൂല്യമുള്ള ഒരു മനസ്സിന്റെ കരുത്താണ്‌ തീര്‍ച്ചയായും താങ്കള്‍ അഭിനന്ദനമര്‍ഹിക്കുന്നു. പാതി ചത്ത പ്രണയ ചിന്തകളൂമായി ബ്ലോഗുകളില്‍ അലയുന്ന പലരും ഇത്‌ വായിക്കണമെന്നില്ല. പക്ഷെ സത്യസന്ധമായ പോരാട്ട ജീവിത പാതക്ക്‌ സ്വര്‍ഗഗമാണ്‌ പ്രതിഫലം. നന്ദി... സുഹൃത്തെ നന്ദി....

ബഷീർ said...

ചരിത്രത്തില്‍ തുല്യതയില്ലാത്ത ഗുജറാത്ത്‌ നരഹത്യ ..ഏതൊരു ജനാധിപത്യ വിശ്വാസിയുടെയും മന്‍ഷ്യ സ്നേഹിയുടെയും മനസ്സില്‍ ഉണങ്ങാത്ത മുറിവുണ്ടാക്കിയിരിക്കുന്നു.. സത്യങ്ങള്‍ മൂടിവെക്കപ്പെടുകയു അസത്യങ്ങ്ലും അര്‍ദ്ധ സത്യങ്ങളും അരങ്ങു വാഴുകയും ചെയ്യുന്ന അവസ്ഥയില്‍ രാജാവു നഗ്നനാണെന്ന് വിളിച്ചു പറയാന്‍ അധികപേരുണ്ടാവില്ല.. നാനാത്വത്തില്‍ ഏകത്വം കൊട്ടിഘോഷിക്കപ്പെട്ടിടത്ത്‌ ഏകാധിപത്യം വാഴുമ്പോള്‍ സത്യത്തിന്റെ വെട്ടവുമായി പുറത്തിറങ്ങാന്‍ സ്തൈര്യം കാട്ടുന്നത്‌ അഭിനന്ദനീയം തന്നെ..

ചിതല്‍ said...

ഏകാധിപതി എന്ന ഒരു 'ഇമേജ്' മോഡിക്കുണ്ടായതും അനുകൂലമാകുന്ന വിചിത്ര കാഴ്ച നാം കണ്ടു....

ഇത്‌ എല്ലാവരും അറിഞ്ഞ എന്നാല്‍ അര്‍ക്കും ചിന്തിച്ചാല്‍ ഉത്തരം കിട്ടത്ത ഒരു സമസ്യയാണ്‌. അന്ന്‌ നിങ്ങള്‍ക്ക്‌ മൂന്ന്‌ ദിവസ്സം ഞാന്‍ തരുന്നു എന്ന്‌ പറഞ്ഞപ്പോള്‍ അത്‌ നാം കണ്ടു. പിന്നെ മോഡിയോ കോണ്‍ഗ്രസ്സോ എന്ന്‌ മറ്റുള്ളവര്‍ പറഞ്ഞപ്പോള്‍...അതായിരുന്നു.


ഇത്‌ വായിക്കപ്പെടേണ്ടാ ഒരു ലോഖനം... വര്‍ഗ്ഗീയത അത്‌ മാറ്റി വെച്ചിട്ട്‌ ഒന്ന്‌ നോക്കാം... ഗുജറാത്ത്‌ നമുക്ക്‌ നല്‍കുന്ന ചിത്രം എന്തായിരിക്കും.. വികസനത്തിണ്റ്റെ ദയനീയ മുഖം, ഒരു ഏകധിപതിയായിമാറുന്നതിനെ സ്വീകരിക്കപ്പെടുന്ന അപകടകരമായ അവസ്ഥ ഇന്ത്യയിലെ സംസ്കാരത്തിണ്റ്റെ ഒരു വിപരീതചിഹ്നം പ്രദേശിക ദേശിയത ഇന്ത്യയെ നശിപ്പിക്കുന്നത്‌ കാണാതിരിക്കുന്നത്‌ തുടങ്ങി അരാഷ്ട്രീയ വാദം അതായത്‌ രാഷ്ട്രിയം മതമാകുകയും മതം ദേശിയത ആകുകയും ചെയ്യുന്ന ചിന്തമണ്ഡലത്തില്‍ വിഷം മാത്രമുള്ള ആ അവസ്ത്ഥ... ഗുജാറത്തിനെ പറ്റി സംസാരിക്കുമ്പോള്‍ വര്‍ഗ്ഗിയത മാത്രമാകുന്നത്‌ തെറ്റാണ്‌.. ഈെ ലോഖനം പോസ്റ്റാക്കിയത്തിന്ന് നന്‍മകള്‍ നേരുന്നു