Wednesday, February 20, 2008

ലാല്‍പ്പടംപോലെ കുറേ ഇറച്ചിമനുഷ്യര്‍

മോഹന്‍ലാലിന്റെ 'നിര്‍ണയം' എന്ന സിനിമയുടെ കഥ പോലെയാണ് ദില്ലിക്കടുത്തുള്ള ഹരിയാണയിലെ ഗുഡ്‌ഗാവ് എന്ന ഉപഗ്രഹ നഗരത്തില്‍ അരങ്ങേറിയ വൃക്കതട്ടിപ്പ്. ഈ സംഭവകഥയില്‍ ഡോ. അമിത്കുമാര്‍, സഹോദരനും ഡോക്ടറുമായ ജീവന്‍കുമാര്‍, അനസ്തേഷ്യറ്റ് സരാജ്‌കുമാര്‍ എന്നിവര്‍ യഥാക്രമം ലാല്‍ സിനിമയില്‍ ദേവനും രതീഷും ചെയ്ത വില്ലന്‍വേഷങ്ങള്‍ക്ക് സമാനമായ വൃക്കമാഫിയയുടെ പ്രധാന കണ്ണികളായി വര്‍ത്തിച്ചു. എന്‍ഡിടിവിയുടെ ഒരു സ്റ്റിങ്ങ് ഓപ്പറേഷന്റെ സഹായത്തോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. പക്ഷേ, റിപ്പബ്ലിക് ദിന തലേന്ന് പൊലീസ് ദില്ലിയിലെയും ഗുഡ്‌ഗാവിലെയും മാഫിയയുടെ രഹസ്യകേന്ദ്രങ്ങളില്‍ ഇരച്ചെത്തുമ്പോഴേക്കും മൂന്ന് മുഖ്യപ്രതികളും രക്ഷപ്പെട്ടിരുന്നു. ഒളിവിലായിരുന്ന ഇവരില്‍ ഡോ. അമിത് കുമാറിനെ പിന്നീട് നേപ്പാളില്‍നിന്ന് പിടികൂടി. ഹരിയാണ സര്‍ക്കാരിന്റെ അഭ്യര്‍ഥന മാനിച്ച് സിബിഐ കേസ് ഏറ്റെടുക്കുകയും വിദേശത്തേക്ക് രക്ഷപ്പെട്ടെന്ന് കരുതപ്പെട്ട മുഖ്യപ്രതി അമിത്കുമാറിനായി റെഡ്‌കോര്‍ണര്‍ നോട്ടീസ് പുറത്തിറക്കുകയും ചെയ്തിരുന്നു.

അവയവ തട്ടിപ്പിന്റെ അന്താരാഷ്ട്ര ബന്ധമുള്ള ഗൂഢസംഘമാണ് അമിത്തിന്റേത്. മുമ്പ് മുംബൈ അടക്കമുള്ള വന്‍നഗരങ്ങളില്‍ ഇതേ തട്ടിപ്പ് നടത്തിയ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തതാണ്. എന്നാല്‍ ജാമ്യത്തിലിറങ്ങി പുതിയ മേച്ചില്‍പ്പുറങ്ങള്‍ കണ്ടെത്താന്‍ അയാള്‍ക്ക് ബുദ്ധിമുട്ടുണ്ടായില്ല. സത്യത്തില്‍ ഇയാളുടെയും സഹോദരന്റെയും ഡോക്ടര്‍ ബിരുദങ്ങള്‍തന്നെ വ്യാജമാണെന്നാണ് ദില്ലി പൊലീസ് പറയുന്നത്.

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ തൊഴില്‍രഹിതരായ ചെറുപ്പക്കാരായിരുന്നു അമിത്തിന്റെ പ്രധാന ഇരകള്‍. പ്രത്യേകിച്ചും ഉത്തര്‍പ്രദേശിലെ മൊറാദാബാദ്, മീററ്റ് തുടങ്ങിയ പ്രദേശങ്ങളില്‍നിന്നുള്ളവര്‍. ഇവിടെയെല്ലാം ഇയാള്‍ക്ക് ഏജന്റുമാരുമുണ്ട്. അവരില്‍ മൂന്നുപേരെ പൊലീസ് ഇതിനകം അറസ്റ്റ്ചെയ്തുകഴിഞ്ഞു. ഇതിനുപുറമെ ആന്ധ്രാപ്രദേശിലെ ഗുണ്ടൂരില്‍നിന്നുള്ള ഇരുപത് കര്‍ഷകരും ഈ തട്ടിപ്പ് സംഘത്തിന്റെ വലയിലകപ്പെട്ടിട്ടുണ്ടെന്നാണ് പൊലീസ് കരുതുന്നത്.

ഗ്രീസ്, നേപ്പാള്‍, കനഡ, യുഎസ്, ബ്രിട്ടന്‍ തുടങ്ങിയ രാജ്യങ്ങളില്‍ കണ്ണികളുള്ള ഈ സംഘം ഹോസ്പിറ്റല്‍ സൌകര്യമുള്ള ഫ്ലാറ്റുകളിലും വീടുകളിലും വെച്ചാണ് ശസ്ത്രക്രിയകള്‍ നടത്തിയിരുന്നത്. ഇന്ത്യയില്‍ റിസ്ക് കൂടുതലായതിനാല്‍ ഇപ്പോള്‍ പ്രധാനമായും നേപ്പാളിലാണ് ശസ്ത്രക്രിയ നടത്താറുള്ളതെന്ന് എന്‍ഡിടിവി സംഘത്തോട് ഡോക്ടറുടെ പ്രധാന ഏജന്റ് പറയുന്നത് സ്റ്റിങ്ങ് ഓപ്പറേഷനില്‍ കാണാം. വൃക്കദാതാവിന് അമ്പതിനായിരം മുതല്‍ ഒരുലക്ഷം രൂപവരെ കൊടുത്ത് വാങ്ങുന്ന വൃക്കകള്‍ വിദേശികളും സ്വദേശികളുമായ ആവശ്യക്കാര്‍ക്ക് ഏതാണ്ട് പതിനെട്ട് ലക്ഷം രൂപക്കാണ് ഡോക്ടര്‍ വിറ്റിരുന്നത്.

കരളലിയിക്കുന്ന കഥകളാണ് തട്ടിപ്പിനിരയായ ചെറുപ്പക്കാര്‍ക്ക് പറയാനുള്ളത്. മീററ്റ് സ്വദേശിയായ ഷക്കീല്‍ (28) പഴയ ദില്ലി റെയില്‍വെ സ്റ്റേഷനടുത്ത് നില്‍ക്കുമ്പോഴാണ് അമിത്തിന്റെ ഏജന്റുമാര്‍ കെണിയിലാക്കിയത്. തൊഴില്‍രഹിതനായ ഇയാള്‍ക്ക് ദിവസം 150 രൂപ കൂലിക്ക് ജോലി വാഗ്ദാനംചെയ്താണ് തട്ടിപ്പിനിരയാക്കിയത്. വൃക്ക നഷ്ടപ്പെട്ടുകഴിഞ്ഞപ്പോള്‍ മാത്രമാണ് താന്‍ കെണിയില്‍ അകപ്പെട്ട വിവരം ഇയാളറിഞ്ഞത്. തുടര്‍ന്ന് മൃതപ്രായനായി സംഘത്തിന്റെ ഫ്ളാറ്റില്‍ കിടന്നിരുന്ന ഈ യുവാവിനെ പൊലീസാണ് രക്ഷിച്ച് ആശുപത്രിയിലെത്തിച്ചത്.'നിര്‍ണയ'ത്തിലെ ഒറ്റക്കൈയുള്ള ശരത് സക്സേനയുടെ കഥാപാത്രത്തെപോലെ ഡോക്ടറുടെ ആയുധധാരികളായ ആളുകളാണ് ശസ്ത്രക്രിയക്ക് മുമ്പ് മയക്കുമരുന്ന് ബലംപ്രയോഗിച്ച് കുത്തിവെച്ച് ഷക്കീലിനെ ബോധം കെടുത്തിയത്.

ഇത്തരം സംഭവങ്ങള്‍ ഇന്ത്യയില്‍ റിപ്പോര്‍ട് ചെയ്യുന്നത് ആദ്യമല്ല. പക്ഷേ, വേണ്ടവിധം ശ്രദ്ധിച്ചിരുന്നുവെങ്കില്‍ ഇത്രയും സംഘടിതമായി പ്രവര്‍ത്തിച്ചിരുന്ന മാഫിയ സംഘത്തെ മുമ്പേതന്നെ കണ്ടെത്തി നശിപ്പിക്കാമായിരുന്നു. മുഖ്യപ്രതിയായ അമിത്തിന്റെ ട്രാക്ക് റെക്കോര്‍ഡ് ഇതിലേക്കാണ് വിരല്‍ചൂണ്ടുന്നത്. പക്ഷേ, ഒരു അമിത്കുമാറിന്റെ സ്ഥാനത്ത് നൂറുപേര്‍ പുതുതായി രംഗപ്രവേശം ചെയ്യാന്‍ സാധ്യതയുള്ള മേഖലയാണ് അവയവക്കച്ചവടം. കേരളത്തില്‍ വര്‍ഷങ്ങള്‍ക്കുമുമ്പ് ഇത്തരമൊരു വന്‍ റാക്കറ്റ് പുറത്തുവന്നപ്പോള്‍ അതില്‍ പല വന്‍ ആശുപത്രികളും ഉള്‍പ്പെട്ടിരുന്നതായി അഭ്യൂഹം ഉയര്‍ന്നത് നമുക്കറിയാം. അന്ന് പ്രതിപക്ഷനേതാവായിരുന്ന ഇന്നത്തെ മുഖ്യമന്ത്രി വി എസ് സജീവമായി ഇടപെട്ടതോടുകൂടി വന്‍ വാര്‍ത്താപ്രാധാന്യം നേടിയ കേസായിരുന്നു അത്. പക്ഷേ, തട്ടിപ്പിനിരയായവര്‍ക്ക് നീതി കിട്ടിയോ എന്ന് അന്വേഷിക്കേണ്ടിയിരിക്കുന്നു. കാരണം, പ്രതികള്‍ ശിക്ഷിക്കപ്പെട്ടതുകൊണ്ടുമാത്രം ഇത്തരം കേസുകളില്‍ നീതി ലഭിക്കില്ല. മറിച്ച് വിശാലമായ ധാര്‍മികമാനങ്ങളുള്ള ഒരു പ്രശ്നമാണിത്. കാരണം ഇവിടെ സ്വന്തം ശരീരം തന്നെയാണ് അറുത്തുമുറിച്ചെടുക്കുകയോ വില്‍ക്കപ്പെടുകയോ ചെയ്യുന്നത്. അപരിഹാര്യമായ വഞ്ചനയും നഷ്ടവും. അപ്പോള്‍ ഇത്തരമൊരു അവസ്ഥ ഉണ്ടാകാനുള്ള സാധ്യതകള്‍ ഇല്ലാതാക്കുകയാണ് വേണ്ടത്. അതിന് ശക്തമായ നിയമപാലനവും നീതിനിര്‍വഹണവും ഏറ്റവും പ്രായോഗികമായ പരിഹാരമാര്‍ഗങ്ങളാണ്.

അവയവ തട്ടിപ്പിന്റെ രണ്ട് പ്രധാന പ്രചോദനങ്ങള്‍ ആവശ്യത്തിന്റെ ആധിക്യവും മെഡിക്കല്‍ ടൂറിസവുമാണ്. ആദ്യം നമുക്ക് ആവശ്യവും പ്രദാനവും തമ്മിലുള്ള അടിസ്ഥാന പ്രശ്നം നോക്കാം. എന്‍ഡിടിവിയുടെ സ്റ്റിങ്ങ് ഓപ്പറേഷനില്‍ പങ്കെടുത്ത ഡോ. അമിത്തിന്റെ ഒരു ഗുണഭോക്താവ് പറയുന്നത് നേരായ മാര്‍ഗത്തില്‍ തന്റെ വൃക്ക മാറ്റിവെക്കാന്‍ താന്‍ രണ്ടുവര്‍ഷം കാത്തുനിന്നുവെന്നാണ്. അവസാനം പ്രശ്നം ജീവന്റേതും പണത്തിന്റേതുമായപ്പോള്‍ കൂടുതല്‍ പണംകൊടുത്ത് വളഞ്ഞ വഴി സ്വീകരിക്കാന്‍ താന്‍ നിര്‍ബന്ധിതനായതാണ് എന്ന് അയാള്‍ സമ്മതിക്കുന്നു. ഇതൊരു വലിയ പ്രശ്നമാണ്. അതായത്, അനുദിനം പെരുകിവരുന്ന ആവശ്യക്കാര്‍, ലാബില്‍ ഉണ്ടാക്കിയെടുക്കാനാവാത്ത മരുന്ന്. അപ്പോള്‍ ചെയ്യാവുന്നത് മസ്തിഷ്ക മരണം സംഭവിക്കുന്നവരുടെ വൃക്കകള്‍ വൃക്കബാങ്കുകളില്‍ സംഭരിക്കാന്‍ ആശുപത്രികള്‍ക്ക് അധികാരം നല്‍കുകയും, ഇവ മുന്‍ഗണനാക്രമത്തില്‍ പന്തിഭേദമില്ലാതെ രോഗികള്‍ക്ക് മാറ്റിവെക്കാന്‍ നിഷ്കര്‍ഷിക്കുകയും ചെയ്യുന്ന ഒരു നിയമം കൊണ്ടുവരികയാണ്. ഒപ്പം അവയവ കൈമാറ്റത്തിനിടക്ക് ഒരുവിധ സാമ്പത്തിക ഇടപാടുകളും നടക്കുന്നില്ലെന്ന് ഉറപ്പുവരുത്തുകയും വേണം. ഇതിന് മേല്‍നോട്ടം വഹിക്കാന്‍ സര്‍ക്കാര്‍തലത്തില്‍ പ്രാദേശിക സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുകയും ഒപ്പം അവയവ കച്ചവടത്തിന്റെ ധാര്‍മികവും ആരോഗ്യപരവുമായ പ്രശ്നങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് ശക്തമായ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുകയും വേണം. ഗുഡ്‌ഗാവ് റാക്കറ്റിന്റെ വെളിച്ചത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇത്തരം ഒരു നിയമനിര്‍മാണം നടത്തുമെന്ന് കഴിഞ്ഞദിവസം ചില പത്രവാര്‍ത്തകള്‍ വന്നിരുന്നു എന്നത് ഇത്തരുണത്തില്‍ ശുഭോദര്‍ക്കംതന്നെ.

രണ്ടാമത്തെ പ്രശ്നം മെഡിക്കല്‍ ടൂറിസമാണ്. ഒരു രാജ്യത്തുനിന്നും ചികില്‍സക്കായി രോഗികള്‍ മറ്റൊരു രാജ്യത്തേക്കോ പ്രദേശത്തേ ക്കോ പോകുന്നതിനെയാണ് മെഡിക്കല്‍ ടൂറിസമെന്ന് പറയുന്നത്. ഇന്ത്യ ഇക്കാര്യത്തില്‍ ഒരു മുന്‍നിര സേവനദാതാവാണ്. ഏണസ്റ്റ് ആന്‍ഡ് യംഗ് എന്ന ആഗോള കണ്‍സള്‍ടിങ് സ്ഥാപനവും ഫിക്കിയും ചേര്‍ന്ന് നടത്തിയ ഒരു പഠനം അനുസരിച്ച് ഇന്ത്യയിലെ സ്വകാര്യ ആശുപത്രികള്‍ 2006 ല്‍ മെഡിക്കല്‍ ടൂറിസംവഴി 62,000 കോടി രൂപ നേട്ടമുണ്ടാക്കുകയുണ്ടായി. 2012 ല്‍ ഇത് 150,000 കോടി രൂപയായി വര്‍ധിക്കുകയും ചെയ്യും. അതായത്, വര്‍ഷാവര്‍ഷം 19 ശതമാനം വര്‍ധന. 2010 ഓടെ നമ്മുടെ മൊത്തം ദേശീയ ഉല്പാദനത്തിന്റെ അഞ്ച് ശതമാനം ഈ മേഖലയില്‍നിന്നാകും എന്ന് സാരം. പക്ഷേ, ഇവിടെ പ്രധാന പ്രശ്നം ഈ രംഗം ഏതാണ്ട് പൂര്‍ണമായും സ്വകാര്യമേഖല കൈയടക്കിവെച്ചിരിക്കുന്നു എന്നതാണ്. അവരുടെ ലക്ഷ്യമാകട്ടെ നാഗരിക മധ്യവര്‍ഗവും വിദേശികളും. അതായത്, ഇരുപതിനായിരം പൌണ്ടിന് ലണ്ടനില്‍ നടത്തുന്ന ഒരു ശസ്ത്രക്രിയ ഇന്ത്യയില്‍ 4,400 പൌണ്ടിന് നടത്താനാകും. സമ്പന്നരാജ്യങ്ങളില്‍നിന്നു വരുന്ന രോഗികള്‍ക്ക് ഇത് ഒരു അനുഗ്രഹമാണ്. പക്ഷേ, സാധാരണക്കാരായ ഇന്ത്യന്‍ രോഗികള്‍ക്ക് വന്‍ബാധ്യതയും. കാരണം സ്വകാര്യസ്ഥാപനങ്ങളിലെ വന്‍ബില്ലുകള്‍ അവര്‍ക്ക് താങ്ങാനാവുന്നതല്ല. ഇത് തിരിച്ചറിഞ്ഞ് ഗവണ്‍മെന്റ് എഐഐഎംഎസ് പോലുള്ള സ്ഥാപനങ്ങള്‍വഴി മെഡിക്കല്‍ ടൂറിസത്തിന്റെ ഗുണം, അതായത് വിദേശികളില്‍നിന്നു കിട്ടുന്ന ഉയര്‍ന്ന വരുമാനം, സാധാരണക്കാരിലേക്ക് സബ്‌സിഡിയായി തിരിച്ചുവിടാനുള്ള ശ്രമങ്ങള്‍ തുടങ്ങിക്കഴിഞ്ഞിട്ടുണ്ട് എന്നത് ശുഭസൂചനയാണ്.

വൃക്കതട്ടിപ്പ് മെഡിക്കല്‍ ടൂറിസത്തിന്റെ അധോലോകമാണ്. ഗുഡ്‌ഗാവിലെ പ്രധാന ഗുണഭോക്താക്കള്‍ വിദേശികളായിരുന്നു എന്നതും ഇതിന് തെളിവാണ്. വികസിത വിദേശരാജ്യങ്ങളില്‍ വികസ്വര-ദരിദ്ര രാജ്യങ്ങളുടേതുപോലെ വൃക്കകള്‍ ലഭ്യമല്ല. വിവരമുള്ളവര്‍ വില്‍ക്കില്ല എന്നതുതന്നെ കാരണം. ഇനി അഥവാ ആരെങ്കിലും ശ്രമിച്ചാല്‍ത്തന്നെ മനുഷ്യാവകാശ സംഘടനകളും നീതിന്യായ വ്യവസ്ഥയും പൊലീസും കൂടി ചേര്‍ന്ന് പ്രതികള്‍ക്ക് രക്ഷപ്പെടാനാവാത്ത വിധം വലയൊരുക്കുകയും ചെയ്യും. ഇനി ശരിയായ വഴിക്ക് ശ്രമിക്കുകയാണെങ്കിലോ വര്‍ഷങ്ങളോളം കാത്തുനില്‍ക്കേണ്ടതായും വരും. ശസ്ത്രക്രിയക്ക് വേണ്ടിവരുന്ന തുകയാവട്ടെ ഇന്ത്യയിലേതിന്റെ പതിന്മടങ്ങുമാണ്. അതുകൊണ്ടുതന്നെ വികസിതരാജ്യങ്ങളില്‍ അവയവ കച്ചവടത്തിന് വന്‍സാധ്യതകളാണുള്ളത്. അമിത്തിന്റേതും സംഘത്തിന്റേതും കറതീര്‍ന്ന തട്ടിപ്പുകളാണെങ്കില്‍ സ്വകാര്യസ്ഥാപനങ്ങള്‍ മെഡിക്കല്‍ ടൂറിസത്തിന്റെ പേരുപറഞ്ഞ് നടത്തുന്ന ചികില്‍സകളില്‍ ഇത്തരം തട്ടിപ്പുകള്‍ എത്രമാത്രം നടക്കുന്നുണ്ട് എന്നത് അജ്ഞാതമാണ്. കാരണം ലാഭം മാത്രമാണ് അവരുടെ ലക്ഷ്യം. ഒരുപക്ഷേ വന്‍നഗരങ്ങളിലെ പേരുകേട്ട വന്‍ ആശുപത്രി ശൃംഖലകള്‍ നന്നായി പ്രവര്‍ത്തിക്കുന്നുണ്ടാകാം. പക്ഷേ പരശ്ശതം ചെറുകിട സ്വകാര്യ ആശുപത്രികളോ? ഇവ കൂണുപോലെയാണ് മുളച്ചുപൊന്തുന്നത്. ഒപ്പം കാശുകൊടുത്ത് ഓരോ വര്‍ഷവും പഠിച്ചിറങ്ങുന്ന ആയിരക്കണക്കിന് ഡോക്ടര്‍മാരും.

അതുകൊണ്ട് മെഡിക്കല്‍ ടൂറിസം ആശാസ്യകരമാകുമ്പോഴും അത് ദുര്‍വിനിയോഗം ചെയ്യപ്പെടാനുള്ള സാധ്യത വളരെയധികമാണ്. അത് നേരിടാന്‍ ശക്തമായ നിയമങ്ങളും സാമൂഹികവും സര്‍ക്കാര്‍ തലത്തിലുള്ളതുമായ മേല്‍നോട്ടവും അനിവാര്യമാകുന്നു. 'നിര്‍ണയ'ത്തിലെ മോഹന്‍ലാലിന്റെ ഡോക്ടര്‍ റോയി എന്ന ഹീറോ സിനിമയില്‍ ഒറ്റക്ക് ഈ റാക്കറ്റിനെ പൊളിച്ചടക്കി ആയിരങ്ങളെ രക്ഷിച്ചിരുന്നു. പക്ഷേ, സിനിമയിലെ സൂപ്പര്‍ഹീറോ ജീവിതത്തില്‍ പരസഹസ്രം മനുഷ്യരും അവരുടെ നാനാമുഖമായ കഴിവുകളുമാണ്. അതുകൊണ്ടുതന്നെ ജനവും ജനങ്ങളുടെ ഗവണ്‍മെന്റുകളും തന്നെയാണ് ജാഗരൂകരും ഉത്തരവാദിത്വബോധമുള്ളവരുമായി ഉണര്‍ന്നിരിക്കേണ്ടത്.

ഇറച്ചിക്കോഴികളെപ്പോലെ മനുഷ്യരെ അവരുടെ ശരീരത്തിന്റെയും അവയവങ്ങളുടെയും വിപണിമൂല്യത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം കാണുന്ന മനുഷ്യത്വരഹിതമായ ഒരു സാമൂഹിക ബോധവും മനസ്ഥിതിയുമാണ് വൃക്കക്കച്ചവടം പോലുള്ള പൈശാചിക പ്രവൃത്തികള്‍ക്ക് നിദാനം. ഇതൊരു മുതലാളിത്ത മനഃശാസ്ത്രത്തിന്റെ പരമകാഷ്ഠയുടെ ജീര്‍ണതയെന്ന് പറഞ്ഞൊന്നും ലളിതവല്‍ക്കരിക്കാന്‍ ശ്രമിക്കരുത്. അടുത്തയിടെ അമേരിക്കയിലെ ഫിലാദല്‍ഫിയയില്‍ ലീക്രിസ്റ്റ എന്ന ഒരു നഴ്സ് 244 മൃതദേഹങ്ങളില്‍നിന്നാണ് അവയവങ്ങള്‍ അറുത്തുമാറ്റി കരിഞ്ചന്തയില്‍ വിറ്റത്. ഇതിലൊരു ശരീരം പ്രശസ്ത നാടകപ്രതിഭയായിരുന്ന അലിസ്റ്റര്‍ കുക്കിന്റേതാണ്. ഇത് സൂചിപ്പിക്കുന്നത് സമ്പത്തിനും സുഖസൌകര്യങ്ങള്‍ക്കും വേണ്ടിയുള്ള ദുര മനുഷ്യനെ ഏതറ്റവും വരെ കൊണ്ടെത്തിക്കുമെന്നാണ്.

-മുഹമ്മദ് ഫക്രുദ്ദീന്‍ അലി, കടപ്പാട്: ദേശാഭിമാനി

1 comment:

വര്‍ക്കേഴ്സ് ഫോറം said...

മോഹന്‍ലാലിന്റെ 'നിര്‍ണയം' എന്ന സിനിമയുടെ കഥ പോലെയാണ് ദില്ലിക്കടുത്തുള്ള ഹരിയാണയിലെ ഗുഡ്‌ഗാവ് എന്ന ഉപഗ്രഹ നഗരത്തില്‍ അരങ്ങേറിയ വൃക്കതട്ടിപ്പ്. ഈ സംഭവകഥയില്‍ ഡോ. അമിത്കുമാര്‍, സഹോദരനും ഡോക്ടറുമായ ജീവന്‍കുമാര്‍, അനസ്തേഷ്യറ്റ് സരാജ്‌കുമാര്‍ എന്നിവര്‍ യഥാക്രമം ലാല്‍ സിനിമയില്‍ ദേവനും രതീഷും ചെയ്ത വില്ലന്‍വേഷങ്ങള്‍ക്ക് സമാനമായ വൃക്കമാഫിയയുടെ പ്രധാന കണ്ണികളായി വര്‍ത്തിച്ചു. എന്‍ഡിടിവിയുടെ ഒരു സ്റ്റിങ്ങ് ഓപ്പറേഷന്റെ സഹായത്തോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്.
മുഹമ്മദ് ഫക്രുദ്ദീന്‍ അലി എഴുതിയ ലേഖനം ചര്‍ച്ചകള്‍ക്കായി ഇവിടെ പോസ്റ്റ് ചെയ്യുന്നു.