Sunday, January 13, 2008

സാമ്രാജ്യത്വവും സാംസ്കാരിക അധിനിവേശവും

വിദ്യാഭ്യാസം സംസ്കാരത്തിന്റെ ഭാഗമാണ്. നമ്മുടെ സാംസ്കാരിക ജീവിതമടക്കമുള്ള ദൈനംദിന ജീവിതത്തെ മാറ്റി മറിക്കുന്നതിനുള്ള സാധ്യതകള്‍ വിദ്യാഭ്യാസ മേഖലയില്‍ നിരന്തരം സംഭവിച്ചുകൊണ്ടിരിക്കുകയാണ്. എല്ലാവര്‍ക്കും അറിയാവുന്നതുപോലെ വിദേശ സര്‍വ്വകലാശാലകളുടെ കാമ്പസുകള്‍ രാജ്യത്ത് തുടങ്ങാനുള്ള തീരുമാനം കേന്ദ്ര സര്‍ക്കാര്‍ എടുത്തു കഴിഞ്ഞു. അതിനാവശ്യമായ നിയമം/ബില്‍ തയ്യാറാണ്. ഒരു പക്ഷേ വരുന്ന അഞ്ച് വര്‍ഷംകൊണ്ട് രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും ഈ സര്‍വ്വകലാശാലകളുടെ ക്യാമ്പസുകള്‍ സ്ഥാപിക്കപ്പെടാന്‍ സാധ്യതയുണ്ട്. ഈ ക്യാമ്പസുകള്‍ പക്ഷേ ഓക്സ്ഫോര്‍ഡ്, കേംബ്രിഡ്ജ് സര്‍വ്വകലാശാലകളെപ്പോലെ ഉയര്‍ന്ന അക്കാഡമിക് നിലവാരമുള്ള യൂണിവേഴ്സിറ്റികളുടെ ക്യാമ്പസുകളായിരിക്കില്ല എന്നാണ് എന്റെ അഭിപ്രായം. അമേരിക്കയിലോ, ഇംഗ്ലണ്ടിലോ, ആസ്ത്രേലിയയിലോ ഉള്ള മൂന്നാം തരം സര്‍വ്വകലാശാലകളുടെ ക്യാമ്പസുകളായിരിക്കും ഇവിടെ സ്ഥാപിക്കപ്പെടുന്നത്. ഈ മൂന്നാംകിട സര്‍വ്വകലാശാലകള്‍ വ്യവസായ സ്ഥാപനങ്ങളാണ്. ഇവയില്‍ പലതും ന്യൂയോര്‍ക്കിലെ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ രജിസ്റര്‍ ചെയ്യപ്പെട്ട കമ്പനികളാണ്. അതുകൊണ്ട് തന്നെ വ്യവസായങ്ങളാണവ. വ്യവസായ താല്‍പര്യങ്ങളുമായിട്ടാണ് അവ ഇവിടേക്ക് വരുന്നത് ! അത്തരം വിദ്യാഭ്യാസ വ്യവസായങ്ങള്‍ നമുക്ക് അഭിലഷണീയമാണോ എന്നും, അതുകൊണ്ടുള്ള പ്രത്യാഘാതങ്ങള്‍ എന്താണെന്നും നാം ചിന്തിക്കേണ്ടതുണ്ട്. അവ വരുന്നതുകൊണ്ടുണ്ടാവുന്ന സാംസ്കാരിക തകര്‍ച്ചയെക്കുറിച്ച് നമുക്ക് ധാരണ ഉണ്ടാവേണ്ടതുണ്ട്.

ഇങ്ങനെ സൂചിപ്പിക്കുന്നതുകൊണ്ട് വിദേശസര്‍വ്വകലാശാലകളുമായി ഒരു ബന്ധവും, അടുപ്പവും പങ്കുവയ്ക്കലും വേണ്ടന്നല്ല അര്‍ത്ഥമാക്കുന്നത്. വാസ്തവത്തില്‍ അത്തരം കൊളാബറേഷന്‍ ആവശ്യമാണ്. എന്നാല്‍ അതിനര്‍ത്ഥം വ്യവസായ താല്‍പ്പര്യങ്ങളുമായി വരുന്ന വിദേശ ക്യാമ്പസുകള്‍ സൃഷ്ടിക്കണം എന്നല്ല. ഈ വ്യവസായ താല്‍പര്യത്തെയാണ് സാമ്രാജ്യത്വ താല്‍പര്യം എന്നു പറയുന്നത്. ഈ വ്യവസായ - സാമ്രാജ്യത്വ താല്‍പ്പര്യം - ഈ രാജ്യങ്ങളില്‍ നിലവിലുള്ളതും വളര്‍ന്നുവന്നിട്ടുള്ളതുമായ മൂലധനത്തിന്റെ സ്വഭാവവുമായി ബന്ധപ്പെട്ടതാണ്. അതുകൊണ്ട് ഇതിന് സാമ്രാജ്യത്വവുമായി അഭേദ്യമായ ബന്ധമുണ്ട്. തീര്‍ച്ചയായും ഈ ജൈവബന്ധം വളരെ ഗൌരവമുള്ള ഒരു പ്രശ്നമായി ഞാന്‍ കാണുന്നു. എന്തുകൊണ്ടാണ് വിദ്യാഭ്യാസമേഖലയില്‍ ഇത്തരം നീക്കങ്ങള്‍ നടക്കുന്നത്? അതിന്റെ പിന്നില്‍ ശക്തമായ പ്രത്യയശാസ്ത്രപരമായ ശക്തിയും സ്വാധീനവും ഉണ്ടെന്ന കാര്യം വിസ്മരിക്കരുത്. സാമ്രാജ്യത്വത്തിന്റെ അജണ്ടകള്‍ സ്വീകരിക്കപ്പെടണമെങ്കില്‍ അത് സ്വീകരിക്കാന്‍ സന്നദ്ധമായ മനസുകളെ സൃഷ്ടിക്കേണ്ടതായിവരും. അതിന് സന്നദ്ധമായ സംസ്കാരം സൃഷ്ടിക്കേണ്ടി വരും. ഇത് സൃഷ്ടിക്കപ്പെടുന്നത് പ്രധാനമായും വിദ്യാഭ്യാസത്തിലൂടെയാണ്. അതുകൊണ്ടാണ് വിദ്യാഭ്യാസമേഖലയില്‍ നാം അവര്‍ക്ക് അടിമപ്പെടുന്നത്. എന്താണ് അടിമപ്പെടുക എന്നതിന്റെ ആശയപരമായ അര്‍ത്ഥം? അത് മനസ്സിലാക്കാന്‍ കഴിഞ്ഞ 30-40 വര്‍ഷത്തിനുള്ളില്‍, നമ്മുടെ ജീവിതത്തിലും, കാഴ്ചപ്പാടിലും എന്ത് മാറ്റം വന്നു എന്ന് നിരീക്ഷിച്ചാല്‍ മതി! പല 'കാരണങ്ങള്‍' പറഞ്ഞുകൊണ്ട് നാം ചില കാപട്യങ്ങളെയും സൌകര്യങ്ങളേയും കൂടുതല്‍ കൂടുതല്‍ സ്വീകരിക്കുവാന്‍ തയ്യാറാവുന്നു !

ഈ തയ്യാറാവലുകള്‍ എല്ലാ അര്‍ത്ഥത്തിലും നാം മാനസികമായി അത്തരം ആശയങ്ങള്‍ക്ക് കീഴ്പ്പെടുന്നതിന്റെ ലക്ഷണമാണ്. ഇന്ന് സാമ്രാജ്യത്വം ചെയ്യുന്ന ഏറ്റവും വലിയ പ്രവര്‍ത്തനം സാമ്രാജ്യങ്ങള്‍ക്ക് പുറത്ത് സാമ്രാജ്യങ്ങള്‍ സൃഷ്ടിക്കുക എന്ന ദൌത്യമാണ്. അവിടെയുള്ളവരെ മാനസികമായി കീഴ്പ്പെടുത്തുക എന്നുള്ളതാണ് ! സാംസ്കാരിക സ്വാധീനവും, കീഴ്പ്പെടുത്തലും തമ്മിലുള്ള ബന്ധം അതിന്റെ ഇരകള്‍ പലപ്പോഴും ഒളിച്ചു വയ്ക്കുകയാണ്. അതിന്റെ പ്രേരണയായി അഥവാ ആവശ്യമായി പറയുന്നത് ആഗോളവല്‍ക്കരണത്തെയാണ്. ചൈനയിലും ജപ്പാനിലും 19-ആം നൂറ്റാണ്ടിലുണ്ടായിരുന്നതുപോലെ 'അടഞ്ഞവാതില്‍' പദ്ധതി സ്വീകരിക്കാനാവുമോ എന്നാണ് ചോദിക്കുന്നത് ! അതായത് പുറമെനിന്നുള്ളതൊന്നും സ്വീകാര്യമല്ലന്ന് പറയുകയാണോ വേണ്ടത്, അതോ ലോകത്തില്‍ ഇന്ന് വളര്‍ന്നു വന്നു കഴിഞ്ഞിരിക്കുന്ന ആധുനിക സംസ്കാരത്തെയും അറിവിനേയും ആശ്ലേഷിക്കുകയാണോ നാം ചെയ്യേണ്ടത് എന്ന പ്രശ്നം ഉന്നയിക്കുമ്പോള്‍, പലപ്പോഴും നമ്മള്‍ പറയുന്നത്, " ശരിയല്ലേ; ലോകത്ത് മുഴുവന്‍ നടന്നുകൊണ്ടിരിക്കുന്ന വിപ്ലവത്തെ വിജ്ഞാന വിപ്ലവത്തെ, ഉള്‍ക്കൊള്ളേണ്ടതായി വരും'' എന്ന വിധത്തിലാണ് ! പുറമെ നടക്കുന്ന വിപ്ലവത്തിന്റെ ഭാഗമാവണം നമ്മള്‍ എന്ന കാര്യത്തില്‍ എനിക്ക് യാതൊരു സംശയവുമില്ല. സാങ്കേതികവിദ്യ വേണമോ, വേണ്ടയോ എന്നതിനെക്കുറിച്ച് ഒരു വിവാദമുണ്ട്. സാങ്കേതികവിദ്യ വരേണ്ടതുതന്നെ ! എന്നാല്‍ സാങ്കേതികവിദ്യയെന്നത് നമുക്ക് ഇ - മെയില്‍ അയക്കാന്‍ മാത്രം സൌകര്യം സൃഷ്ടിക്കാന്‍ മാത്രമല്ല എന്ന് തിരിച്ചറിയണം.

സാങ്കേതിക വിദ്യയില്‍ അടങ്ങിയിരിക്കുന്ന പ്രത്യയശാസ്ത്രം എന്താണ് ? ശക്തി എന്താണ് ? അതെന്തിനുവേണ്ടി ഉപയോഗിക്കപ്പെടുന്നു? എന്നതു കൂടി തിരിച്ചറിയേണ്ടതാണ്. സാങ്കേതിക വിദ്യയില്‍ അധിഷ്ഠിതമായ ഒരു ധൈഷണിക മണ്ഡലം സൃഷ്ടിക്കപ്പെടുമ്പോള്‍ മലയാളം പോലുള്ള ഭാഷക്ക് എന്ത് സംഭവിക്കുന്നു എന്നു നാം അവശ്യം അറിയേണ്ടതാണ്. സാങ്കേതിക വിദ്യയുടെ ഭാഗമായി ഓണ്‍ലൈന്‍ കോഴ്സുകള്‍ വരുന്നു. അത് സ്വീകരിക്കേണ്ടി വരുകയും ചെയ്യും. എന്നാല്‍ ഓണ്‍ലൈന്‍ കോഴ്സുകള്‍ എന്താണ് നമുക്കെത്തിക്കുന്നത്, നമ്മുടെ കുട്ടികളില്‍ എത്തിക്കുന്നത് എന്ന പ്രശ്നം ചൂണ്ടികാണിക്കാതെ അതിനെക്കുറിച്ചുള്ള ഒരു ചര്‍ച്ചയും പൂര്‍ണ്ണമാവുകയില്ല. അതായത്, ഇതില്‍ ഇടപെടുന്നത് സാമ്രാജ്യത്വ ശക്തിയാണ് എന്ന തിരിച്ചറിവ് ആവശ്യമാണ്. ഈ തിരിച്ചറിവിന് സാമ്രാജ്യത്വത്തിന്റെ സാംസ്കാരികമായ ദൌത്യം എന്താണന്ന് കൂടി മനസിലാക്കേണ്ടതുണ്ട്.

ബലപ്രയോഗത്തില്‍ നിന്ന് സര്‍വ്വ സമ്മതിയിലേക്ക്...

മനുഷ്യസമൂഹത്തിന്റെ പുരോഗതിയും ചരിത്രവും നോക്കുകയാണെങ്കില്‍, ആശയവിനിമയം, സാംസ്കാരിക വിനിമയം സാമ്പത്തിക വിനിമയം എന്നിവയിലൂടെയാണ് സാമൂഹ്യ പുരോഗതി ഉണ്ടായതെന്ന് മനസ്സിലാക്കാം. അതാണ് ആഗോളസമൂഹം! ഇന്ന് നാം പറയുന്ന 'ആഗോള സമൂഹ' ത്തില്‍ നിന്ന് വ്യത്യസ്തമായ ഒരു ആഗോള ബന്ധം പുരാതന കാലം മുതല്‍ തന്നെ മനുഷ്യ സമൂഹത്തിലുണ്ടായിരുന്നു. ബി.സി 1-ആം നൂറ്റാണ്ടിനു ശേഷം വന്ന നൂറ്റാണ്ടില്‍; ഇറ്റാലിയന്‍ വാണിജ്യ ഉരുക്കള്‍ നമ്മുടെ തുറമുഖത്തെത്തിയപ്പോള്‍ മുതല്‍ നമ്മുടെ പുറംലോക ബന്ധം സ്ഥാപിക്കപ്പെട്ടതാണ്.. അതിനുശേഷം എത്രയോ കാലം റോമാക്കാരുമായി ഉണ്ടായിരുന്ന ബന്ധത്തിന്റെ സ്വഭാവമെന്തായിരുന്നു? സമത്വധിഷ്ഠിതമായിരുന്നു ആ ബന്ധം. അവര്‍ അവരുടെ വാണിജ്യ വസ്തുക്കള്‍ കൊണ്ടുവന്ന് കൈമാറ്റം ചെയ്ത് അവര്‍ക്കാവശ്യമുള്ളത് ഇവിടുന്ന് വാങ്ങിപ്പോവുകയും ചെയ്തു ! അറബികള്‍ വന്നപ്പോഴും ഇതേ പാതയായിരുന്നു തുടര്‍ന്നത്. അവരുടെയൊക്കെ സംസ്കാരത്തെ നമ്മള്‍ സ്വീകരിച്ചു. പിന്നീട് യൂറോപ്യന്‍മാര്‍ വന്നു. എത്രയോ മാറ്റങ്ങള്‍ പിന്നീട് രാജ്യത്ത് സംഭവിച്ചു. പല സാമ്രാജ്യങ്ങള്‍ ഇന്ത്യക്കകത്ത് തന്നെ സ്ഥാപിക്കപ്പെട്ടു. ഡച്ചുകാരും പോര്‍ച്ചുഗീസുകാരും വന്നു. ഈ വരവുകളിലെല്ലാം മൂലധനത്തിന്റെ സ്വാധീനം നമുക്ക് കാണാന്‍ കഴിയും. പക്ഷെ ആദ്യകാലത്തുണ്ടായിരുന്ന വാണിജ്യ-സാംസ്കാരിക ബന്ധവും - ബ്രിട്ടീഷ് ഭരണവും ഇന്നത്തെ അധിനിവേശ രീതികളും തമ്മില്‍ വലിയ വ്യത്യാസങ്ങള്‍ ഉണ്ട്. വിപ്ലവകരമായ മാറ്റങ്ങള്‍ എന്ന് പറയാനാവില്ലന്നു മാത്രം. ആദ്യകാലത്ത് (സാമൂതിരിപ്പാടും കൊച്ചിരാജാവും ഒക്കെ) ഈ ബന്ധത്തിന് തയ്യാറല്ലെന്ന് ഉറപ്പ് പറഞ്ഞപ്പോള്‍, അവരെ ബലംപ്രയോഗിച്ച്, ആക്രമിച്ച് കീഴ്പ്പെടുത്തി അറബികളും യൂറോപ്യന്‍മാരും അധികാരം സ്ഥാപിക്കുകയാണുണ്ടായത്. അത്തരം ബലപ്രയോഗത്തിലൂടെ അവര്‍ വാണിജ്യ പ്രവര്‍ത്തനം മുന്നോട്ട് കൊണ്ടുപോയി ! പക്ഷേ ബ്രിട്ടീഷുകാര്‍ വന്നതോടെ സാമ്രാജ്യത്വ - സ്വാധീനം ബലപ്രയോഗത്തിലൂടെ മാത്രമല്ല മറ്റ് പ്രത്യയശാസ്ത്ര മണ്ഡലങ്ങളില്‍ കൂടി വികസിച്ചു ! അവര്‍ അധികാരം സ്ഥാപിച്ചതും നിലനിര്‍ത്തിയതും അങ്ങനെയാണ്.

കൊളോണിയല്‍ കാലവും ആധുനിക കാലവും തമ്മിലുള്ള പ്രയോഗ വ്യത്യാസങ്ങളിലൊന്ന് - സംസ്കാരത്തെ പ്രത്യയശാസ്ത്ര ആയുധമായി ആധുനിക കാലത്ത് ഉപയോഗിക്കപ്പെടുന്നു എന്നതാണ്. വ്യത്യസ്തമായ സംസ്കാരം രൂപീകരിച്ച് , ആ സംസ്കാരത്തിന്റെ മേല്‍കോയ്മ സ്ഥാപിച്ച് അധീശത്വം നേടുകയെന്നതാണ് ആധുനിക കാലത്തിന്റെ സവിശേഷത. സംസ്കാരം സാമ്രാജ്യത്വത്തിന്റെ ഭാഗവും ഉപകരണവും ആവുന്നത് കൊളോണിയല്‍ - ആധുനിക കാലഘട്ടത്തിലാണ്. മുതലാളിത്തത്തിന്റെ (ആധുനിക - കോളനിവാഴ്ചക്കാലം) ശക്തമായ ആവിര്‍ഭാവത്തോടെ ഉണ്ടായ അധിനിവേശവും കീഴ്പ്പെടുത്തലും നടന്നത് കേവലം സൈനിക ശക്തിയിലൂടെ മാത്രമല്ല, പ്രത്യയശാസ്ത്ര മണ്ഡലങ്ങളെ ഉപയോഗിച്ചുകൊണ്ടാണ് എന്ന ചരിത്രയാഥാര്‍ത്ഥ്യമാണ് ഞാന്‍ പറയാന്‍ ശ്രമിച്ചത്. പ്രത്യയശാസ്ത്ര മണ്ഡലം എന്നാല്‍ സംസ്കാരത്തിന്റെ വിവിധങ്ങളായ മണ്ഡലങ്ങള്‍ എന്നര്‍ത്ഥം! സാമ്രാജ്യത്വ അധിനിവേശത്തിന്റ ആധുനിക പ്രയോഗം തികച്ചും സാംസ്കാരിക അധിനിവേശമായിതീരുന്നത് അതു കൊണ്ടാണ്.

അല്‍പ്പംകൂടി വിശദമാക്കിയാല്‍, 18-19 നൂറ്റാണ്ടുകളിലെ മാതൃകയിലുള്ള സാമ്രാജ്യത്വം ഇന്ന് നിലവിലില്ല. എന്നാല്‍ സ്വാധീനിക്കുന്ന ഒരു സാമ്രാജ്യത്വം ഇന്ന് നിലവിലുണ്ട് എന്നുമാത്രമല്ല, അത് വളരെ ശക്തവുമാണ് എന്നു കാണാം. അമേരിക്കന്‍ സാമ്രാജ്യത്വമാണത്. അതിന്റെ അധിനിവേശ രീതികളുടെ പ്രധാനപ്പെട്ട ആയുധം സംസ്കാരമാണ്. അതിന്റെ രൂപീകരണത്തിന്റെ രീതി തന്നെ, മാനവികമായ, ധൈഷണികമായ സമ്മതം നിര്‍മ്മിച്ചെടുക്കലാണ്. അതായത് സാമ്രാജ്യത്വത്തെ കുറിച്ചുള്ള നിഗമനങ്ങളില്‍ അതൊരു സാമ്പത്തിക പ്രതിഭാസമായോ, രാഷ്ട്രീയമായ പ്രതിഭാസമായോ മാത്രം ചിത്രീകരിക്കുന്നത് ശരിയല്ലെന്നാണ് മനസിലാക്കേണ്ടത്. പകരം അതൊരു സമഗ്രമായ പ്രതിഭാസമാണെന്നും, ഈ സമഗ്രതയുടെ പ്രധാനപ്പെട്ട വിഹിതം സംസ്കാരമാണ് എന്നും തിരിച്ചറിയേണ്ടതുണ്ട്. പലപ്പോഴും ഇത് നമ്മുടെ പുരോഗമന-ധൈഷണിക ലോകം തിരിച്ചറിയുന്നില്ല. അതിന്റെ കാരണങ്ങളിലൊന്ന് സംസ്കാരത്തെക്കുറിച്ച് പറയുന്നവര്‍ സാംസ്കാരിക പ്രവര്‍ത്തകരും നായകരുമായിരിക്കണം എന്ന വീക്ഷണമാണ് !....സംസ്കാരമെന്നു പറയുമ്പോള്‍ ഏതാണ്ട് ബുദ്ധനെപോലുള്ള ഒരു കാഴ്ചപ്പാട് ! നേരെ മുമ്പില്‍ കാണുന്നതിന് അപ്പുറം കാണാന്‍ കഴിയാത്ത അവസ്ഥ. അതുകൊണ്ട്, സാഹിത്യത്തിനെന്തു സംഭവിച്ചു., കലയ്ക്കെന്തു സംഭവിച്ചു, കഥകളിയ്ക്കെന്തു സംഭവിച്ചു എന്ന വിധത്തിലുള്ള അന്വേഷണമാണ് സംസ്കാരമെന്ന് അവര്‍ കരുതുന്നു. അതുകൊണ്ട് 'പാരമ്പര്യം സംരക്ഷിക്കുക' എന്നതിലേക്ക് സാംസ്കാരിക ചര്‍ച്ച ലഘൂകരിക്കപ്പെടുന്നു!

ചുരുക്കത്തില്‍ കല-സാഹിത്യ പ്രശ്നങ്ങളെ മാത്രം സംസ്കാരമായി വിവക്ഷിക്കുന്നതിനാല്‍, അധിനിവേശകാലത്തെ ആഴമുള്ള സാംസ്കാരിക അടിയൊഴുക്കുകളെ നമ്മുടെ ധൈഷണിക സമൂഹത്തിന് വേണ്ടവിധം വിവച്ഛേദിച്ചറിയാന്‍ കഴിയുന്നില്ല. അതുകൊണ്ട്, വാസ്തവത്തില്‍ ആവശ്യമായിട്ടുള്ളത്, സംസ്കാരത്തെക്കുറിച്ചുള്ള നിര്‍വ്വചനത്തില്‍ തന്നെ മാറ്റം വരുത്തുകയാണ്. സംസ്കാരം എന്നതുകൊണ്ട് നാം എന്താണുദ്ദേശിക്കുന്നത് എന്ന കാര്യത്തില്‍ ഒരു വ്യത്യസ്തമായ കാഴ്ചപ്പാട് തന്നെ രൂപീകരിക്കേണ്ടി വരുന്നു. വാസ്തവത്തില്‍ പലരും സംസ്കാരത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍ എന്താണ് അതുകൊണ്ട് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുന്നില്ല. ഞാനീ ചോദ്യം ഉന്നയിക്കുന്നത്, ഒരുപക്ഷേ ഇന്ത്യന്‍ മനസ്സിന്റെ വളരെ വലിയൊരു ദൌര്‍ബല്യം താത്വികമായി സങ്കല്‍പ്പനങ്ങളിലൂടെ ചിന്തിക്കാനുള്ള കഴിവുകേടാണ് എന്ന് എനിക്ക് തോന്നുന്നതുകൊണ്ടാണ്.

അഭിരുചികള്‍ നിര്‍മ്മിക്കപ്പെടുന്നു...

മലയാളത്തിലെ എഴുത്തുകാരടക്കമുള്ള പണ്ഢിതരില്‍ പലരും തങ്ങള്‍ സംസ്കാരത്തെക്കുറിച്ച് പറയുമ്പോള്‍ എന്താണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുകയില്ല. അത് വളരെ പ്രധാനപ്പെട്ട ഒരു ദൌര്‍ബല്യമാണ്. ഞാന്‍ ഒരു ഉദാഹരണം പറയാം. ആഗോളവല്‍ക്കരണ-ലിബറല്‍ ആശയങ്ങളും പരിപാടികളും മുന്നോട്ടു വെച്ച സമയത്ത് ഇറ്റലിയില്‍ വളരെ വലിയ ഒരു പ്രക്ഷോഭം നടന്നു. ആ പ്രകടനം നടന്നത് കെന്റകി - ഫ്രൈഡ് ചിക്കന്റെ കടന്നു വരവിനെതിരെയായിരുന്നു. അവരുന്നയിച്ചത് കച്ചവടത്തിന്റെയോ, വ്യവസായത്തിന്റെയോ കാര്യമായിരുന്നില്ല! ഇറ്റാലിയന്‍ ഭക്ഷ്യസംസ്കാരത്തെ തകര്‍ക്കാന്‍ പോകുന്നതിനെതിരെയുള്ളതായിരുന്നു ആ പ്രക്ഷോഭം. ലോകത്തിലെ തന്നെ ഏറ്റവും തനതായ ഭക്ഷണരീതിയാണ് ഇറ്റലിയുടേത്. ഈ ഭക്ഷണ സമ്പ്രദായത്തെയും സംസ്കാരത്തെയും കീഴടക്കുന്നതിനെതിരെയായിരുന്നു പ്രക്ഷോഭം. അവരുന്നയിച്ച പ്രശ്നത്തിന്റെ അര്‍ത്ഥം, ഭക്ഷണരീതി സംസ്കാരത്തിന്റെ വളരെ വലിയൊരു ഭാഗമാണ് എന്ന സത്യമാണ് ! അമേരിക്കന്‍ മൂലധനത്തിന്റെ കടന്നുവരവ് ഈ സംസ്കാരത്തെ നശിപ്പിക്കുമെന്നതാണ് ഉന്നയിക്കപ്പെട്ടത്. മറ്റു സംസ്കാരങ്ങളുമായി ഇടപെടുമ്പോള്‍, അതിലെ നന്മകള്‍ സ്വീകരിച്ച് നാം നമ്മുടെ ഭക്ഷണരീതിയടക്കമുള്ള ചര്യകള്‍ നിരന്തരം പരിഷ്കരിക്കുകയോ മാറ്റുകയോ ചെയ്തിട്ടുണ്ട് എന്ന ചരിത്ര സത്യം മറന്നുകൊണ്ടല്ല. അത് കൊടുക്കല്‍ വാങ്ങലുകളാണ്... ജനാധിപത്യപരമായ തെരഞ്ഞെടുക്കലുകളായിരുന്നു. ഇന്നങ്ങനെയല്ല...മൂലധനത്തിന്റെ അടിച്ചേല്‍പ്പിക്കലാണ് നടക്കുന്നത്. സാമ്പത്തികമായി നാം ചര്‍ച്ച ചെയ്യുന്ന പ്രശ്നങ്ങളില്‍ സാസ്കാരികമായ കീഴ്പ്പെടുത്തലുകളുടെ തലമുണ്ടെന്ന് മനസ്സിലാക്കികൊണ്ട് മാത്രമെ ഈ അടിച്ചമര്‍ത്തലിനെ പ്രതിരോധിക്കാനാവൂ...

ഇപ്പോള്‍ നമ്മുടെ മാധ്യമങ്ങളില്‍ വരുന്ന ഒരു ചര്‍ച്ച ചില്ലറവ്യാപാര മേഖലയിലെ കുത്തകകളുടെ വരവിനെക്കുറിച്ചാണ്. ഇതുമൂലം എത്രപേര്‍ക്ക് തൊഴില്‍ നഷ്ടപ്പെടും എന്ന് പത്രങ്ങളില്‍ വരുന്നുണ്ട്. അതിന്റെ സാമ്പത്തിക പ്രത്യാഘാതങ്ങള്‍ ചര്‍ച്ചചെയ്യപ്പെടുന്നു. ഇത് പ്രധാനപ്പെട്ടകാര്യം തന്നെ. എന്നാല്‍ ചില്ലറ വ്യാപാരമേഖലയിലെക്കുള്ള കുത്തക മൂലധനത്തിന്റെ വരവ് ഉണ്ടാക്കുവാന്‍ പോകുന്ന സാംസ്കാരിക പ്രത്യാഘാതങ്ങള്‍ നാം പരിശോധിക്കുന്നതേയില്ല. നമ്മുടെ രുചി; സാംസ്കാരികമായ രുചി തീരുമാനിക്കുന്നത് കമ്പോളമാണ് ! കുത്തകകളാണ് നമ്മുടെ അഭിരുചികളും മുന്‍ഗണനകളും നിശ്ചയിക്കുന്നത് എന്നു വരുന്ന അവസ്ഥയാണ് ഈ അധിനിവേശം സൃഷ്ടിക്കുക ! അതുകൊണ്ട് ഇതൊരു വലിയ സാംസ്കാരികപ്രശ്നമായി തന്നെ തിരിച്ചറിയേണ്ടതാണ്. അത്തരം തിരിച്ചറിവുണ്ടാവുമ്പോള്‍, ഇവയ്ക്കെതിരായ പ്രതിരോധത്തിന് ആഴവും പരപ്പും ഉണ്ടാവുക മാത്രമല്ല നമ്മുടെ സാംസ്കാരിക വിവേകത്തെ അത് ജ്വലിപ്പിക്കുകയും ചെയ്യും.

മദ്ധ്യവര്‍ഗ്ഗ അധിനിവേശം...

എന്തുകൊണ്ടാണ് അമേരിക്കന്‍ - ജര്‍മ്മന്‍ കുത്തകകള്‍ ഇന്ത്യയിലേക്ക് വരുന്നത് ? അമേരിക്കയില്‍ പോലും എല്ലാ പട്ടണങ്ങളിലും ഇവര്‍ക്ക് പ്രവേശനമില്ല. പരമ്പരാഗമായി പ്രവര്‍ത്തിക്കുന്ന ചെറുകിട കച്ചവടക്കാര്‍ നമ്മുടെ സംസ്കാരത്തോടും ഭക്ഷണരീതിയോടും അഭിരുചികളോടും യുദ്ധം നടത്തിയല്ല നിലനില്‍ക്കുന്നത്. മറിച്ച് ജനങ്ങള്‍ക്ക് ആവശ്യമുള്ളത്, അവര്‍ക്കിഷ്ടപ്പെട്ട രീതിയില്‍ നിലനിര്‍ത്തിപോകാനുള്ള സഹായം മാത്രമേ അവരുടെ വ്യാപാരത്തിലൂടെ ചെയ്യുന്നുള്ളൂ.

ഇരുപത് വര്‍ഷം മുമ്പ് ജെയിംസ് പെട്രാസ് എന്ന ചിന്തകന്‍ പറയുകയുണ്ടായി, അമേരിക്കന്‍ സമ്പന്നന്‍മാരില്‍ അഞ്ച്പേരില്‍ ഒരാള്‍ അവരുടെ സമ്പത്ത് സമാഹരിക്കുന്നത് സാംസ്കാരിക വ്യവസായത്തിലൂടെയാണ്. ഇന്നത് കൂടുതല്‍ വിപുലമായിട്ടുണ്ടാവാം. ഇവരുടെ സാംസ്കാരിക ഉല്‍പന്നങ്ങള്‍ക്ക് വേണ്ടിയുള്ള കമ്പോളം അന്വേഷിച്ചുപോവുകയാണ് ചില്ലറ വ്യാപാരാധിനിവേശത്തിലൂടെ യഥാര്‍ത്ഥത്തില്‍ സംഭവിക്കുന്നത്. ഈ അമേരിക്കന്‍ മൂലധന പ്രവണത മനസ്സിലാക്കാതെ നമുക്ക് സാമ്രാജ്യത്വത്തിന്റെ സാംസ്കാരിക അധിനിവേശത്തെയും ചില്ലറ വ്യാപാര മേഖലയിലെ അധിനിവേശത്തെയും ചെറുക്കാനാവില്ല. എന്താണ് ഇന്ത്യയില്‍ കുത്തക ചില്ലറ വ്യാപാരത്തിന്റെ അടിത്തറയായിതീരുന്നതെന്ന് കൂടി പരിശോധിക്കേണ്ടി വരുന്നു. അതിന്റെ അടിത്തറ 30-40 ദശലക്ഷം വരുന്ന ഇന്ത്യയിലെ മദ്ധ്യവര്‍ഗ്ഗമാണ്. സാമൂഹികമായും - സാമ്പത്തികമായും കഴിഞ്ഞ 50 വര്‍ഷത്തിനുള്ളില്‍ ഇന്ത്യയിലുണ്ടായ പരിവര്‍ത്തനം എന്താണെന്ന് അന്വേഷിക്കുകയാണെങ്കില്‍ അത് ഈ മദ്ധ്യവര്‍ഗ്ഗത്തിന്റെ വളര്‍ച്ചയാണെന്ന് മനസ്സിലാക്കാം. അതിന്റെ ഭാഗമാണ് നമ്മളില്‍ പലരും. ഈ മദ്ധ്യവര്‍ഗ്ഗത്തിന് സംഭവിച്ച സാംസ്കാരികമായ മാറ്റമാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങളിലൊന്ന്. അവരുടെ ജീവിതത്തിലും കാഴ്ചപ്പാടിലും വന്ന മാറ്റമാണ് അത്. കൊളോണിയല്‍ കാലം മുതല്‍ ഈ മാറ്റം പ്രകടമാണ്.

ഇന്ത്യന്‍ മദ്ധ്യവര്‍ഗ്ഗം ജീവിക്കുന്നത് ഒരര്‍ത്ഥത്തില്‍ സാമ്രാജ്യത്വ ശക്തികളുടെ സംസ്കാരം സ്വീകരിച്ചുകൊണ്ടാണ്. അതുകൊണ്ട് സാമ്രാജ്യത്വത്തിന്റെ സാംസ്കാരിക അധിനിവേശത്തിന് അടിത്തറയായിതീരുന്നതും ഈ മദ്ധ്യവര്‍ഗ്ഗമാണ്. സാമ്രാജ്യത്വത്തിന് ധൈഷണികമായ ന്യായീകരണം നല്‍കുന്നതും, സഹായം നല്‍കുന്നതും ഈ മദ്ധ്യവര്‍ഗ്ഗമാണ്. കഴിഞ്ഞ കുറേ കാലമായി നമ്മുടെ മാദ്ധ്യമങ്ങളിലെ ചര്‍ച്ചകള്‍ ഈ വസ്തുതക്ക് അടിവരയിടുന്നതാണ്. സാമ്രാജ്യത്വാധിനിവേശം മദ്ധ്യവര്‍ഗ്ഗത്തിന്റെ അധിനിവേശമായാണ് വളരുന്നത്. നമ്മുടെ പത്രങ്ങളില്‍ ദാരിദ്ര്യം പ്രശ്നമാവാത്തത് അതുകൊണ്ടാണ്. മാദ്ധ്യമങ്ങള്‍ ഈ സംസ്കാരത്തിന് ന്യായീകരണം നല്‍കുകയും സാമ്രാജ്യത്വ അധിനിവേശത്തിന് വേഗതയുള്ള അരങ്ങ് ഒരുക്കുകയും ചെയ്യുകയാണ്. ഇത് മദ്ധ്യവര്‍ഗ്ഗത്തിന് വേണ്ടി അവര്‍ തന്നെ ചെയ്യുകയാണ് എന്ന് അറിയേണ്ടതുണ്ട്. ഇതിനെക്കുറിച്ച് ബോധവാന്മാരായവര്‍ പോലും ഈ കൂട്ടായ്മയില്‍ അനുരക്തരായി കഴിയുന്നതായി കാണാം. ഫലത്തില്‍ സാമ്രാജ്യത്വം സൃഷ്ടിക്കുന്ന സാംസ്കാരിക സ്വാധീനം തിരിച്ചറിയാന്‍ കഴിയാത്തവരായി നാം മാറുകയാണ്. ഈയൊരു കാര്യമാണ് ഞാനിവിടെ ഊന്നി പറയാന്‍ ആഗ്രഹിച്ചത്.

പ്രതിരോധമെന്നാല്‍ ബദല്‍ ആധുനികത

അത് തിരിച്ചറിയാന്‍ നമുക്ക് കഴിഞ്ഞാല്‍ മാത്രമേ അതെങ്ങനെ പ്രതിരോധിക്കാം എന്ന് നമുക്ക് ചര്‍ച്ച ചെയ്യാന്‍ സാധിക്കുകയുള്ളൂ. പ്രതിരോധം ആവശ്യമാണെന്ന് കരുതാത്തവരാണ് ഏറെയും. അതിന് കാരണമായി അവര്‍ പറയുന്നത് മാറ്റങ്ങള്‍ സംഭവിക്കുകയാണ് ; ഇത് സാംസ്കാരിക സമന്വയമാണ്; വിനിമയമാണ്; അതിലാവശ്യമുള്ളത് നാം സ്വീകരിക്കണം എന്നൊക്കെയാണ്. വാസ്തവത്തില്‍ നാം സ്വീകരിച്ചതെല്ലാം സാമ്രാജ്യത്വത്തിന്റെ വിഭവങ്ങളും സംസ്കാരവും മാത്രമാണെന്നും അതില്‍ 'സമന്വയമോ മാറ്റമോ' ഒന്നുമില്ലെന്നും നമ്മുടെ സ്വന്തം വീട്ടിലെ സ്വീകരണമുറി മാത്രം പരിശോധിച്ചാല്‍ തന്നെ വ്യക്തമാവും. അധിനിവേശത്തെ 'അഭിമാനപൂര്‍വ്വം' വരവേല്‍ക്കുന്നവര്‍ക്ക് 'പ്രതിരോധം' സാധ്യമേയല്ലെന്നത് ചരിത്രത്തിന്റെ തന്നെ പാഠങ്ങളിലൊന്നാണ്. സാമ്രാജ്യത്വത്തിന്റെ ഭാഗമായി നാം മാറികഴിഞ്ഞുവെന്നാണ് ഇതിന്റെ പൊരുള്‍. ഇത് ആധുനികവല്‍ക്കരണമാണെന്ന് മിക്കവരും കരുതുന്നു. യഥാര്‍ത്ഥത്തില്‍ ഇത് ആധുനികവല്‍ക്കരണമല്ല, കോളനിവല്‍ക്കരണമാണ്. ആധുനികവല്‍ക്കരണമാണെന്ന് നമ്മള്‍ വിശ്വസിക്കുന്നു എന്നു മാത്രം. അത് കൊണ്ട് ഇതിനെ തിരുത്തണമെന്ന്, പ്രതിരോധിക്കണമെന്ന്, ഈ പ്രവണതകളുടെ വഴിമാറ്റണമെന്ന് കരുതുന്നവര്‍ ദ്വിമുഖമായ ഒരു പ്രവര്‍ത്തന പരിപാടി ഏറ്റെടുക്കേണ്ടിവരും.

ആദ്യഘട്ടം ഈ തിരിച്ചറിവാണ്. രണ്ടാമത് പ്രതിരോധം. ഈ തിരിച്ചറിവിന് മൂന്ന് ഭാഗങ്ങളുണ്ട്. ഒന്ന് സാംസ്കാരികം, രണ്ട് പ്രത്യയശാസ്ത്രപരം, മൂന്ന് ധൈഷണികം. ഈ മൂന്ന് കാര്യങ്ങളിലുമുള്ള പ്രവര്‍ത്തനങ്ങള്‍ നാം ഏറ്റെടുക്കുമെങ്കില്‍ നമ്മുടെ പ്രതിരോധം ഫലം കാണും. പ്രതിരോധം വളരെ സങ്കീര്‍ണ്ണമായോ പ്രക്രിയയാണ്. ക്രിയാത്മകമായ പ്രവര്‍ത്തനങ്ങളിലൂടെയോ, പ്രകടനങ്ങളിലൂടെയോ മാത്രമല്ല, പ്രതിരോധം നടക്കുന്നത്. അധിനിവേശ സംസ്കാരത്തിനെതിരായ പ്രതിരോധം പലപ്പോഴും നിശ്ശബ്ദമായി, വളരെയൊന്നും ത്വാത്വികമായോ സൈദ്ധാന്തികമായോ ചിന്തിക്കാതെയുള്ള ദൈനംദിന ജീവിതവുമായി ബന്ധപ്പെട്ട രീതിയിലുള്ളതായിരിക്കും. അപ്പോഴും പ്രതിരോധം സംഭവിക്കും. ആ പ്രതിരോധത്തിനുള്ള വഴി ഉണ്ടാക്കുകയാണ് വാസ്തവത്തില്‍ സാംസ്കാരിക പ്രവര്‍ത്തകരുടെ, രാഷ്ട്രീയ പ്രവര്‍ത്തകരുടെ കടമ. അതിന് നമുക്ക് ചെയ്യാനുള്ളത് ഒരു പുതിയ കാഴ്ചപ്പാട് - സാംസ്കാരിക ആധുനികതയെക്കുറിച്ചുള്ള കാഴ്ചപ്പാട് ഉണ്ടാക്കുകയാണ്. ഇത് വളരെ വിപുലവും ഗൌരവതരമായൊരു പ്രശ്നമാണ്.

'ആധുനികത' എന്നത് കൊളോണിയല്‍ കാലഘട്ടത്തോടെയാണ് ഉണ്ടാവുന്നത് എന്ന് നമുക്കറിയാം. ലോകമൂലധനവുമായി ബന്ധപ്പെട്ട് പതിനെട്ടാം നൂറ്റാണ്ടില്‍ നിന്നാണ് നാം ആധുനികതയെ രേഖപ്പെടുത്തുന്നത്. അതേ സമയത്ത് തന്നെ - ഒരു ബദല്‍ ആധുനികത ഇന്ത്യയില്‍ വളര്‍ന്നു വന്നിരുന്നു. ബദല്‍ ആധുനികത അത്ര ശക്തമായിരുന്നില്ലെന്ന് തോന്നാമെങ്കിലും അതിന്റെ ശക്തി കുറച്ച് കാണാനാവില്ല. ബദല്‍ ആധുനികത നിലനില്‍ക്കുകയും വളരുകയും വ്യാപിക്കുകയും ചെയ്തതായി നമുക്കറിയാം. സാമ്രാജ്യത്വ അധിനിവേശത്തെ ചെറുക്കുവാന്‍ - ഈ ബദല്‍ ആധുനികതയെ ശക്തമായി മുന്നോട്ടു കൊണ്ടുപോവുകയാണ് വേണ്ടത്. നവോത്ഥാനപാരമ്പര്യങ്ങളെ തിരിച്ചുപിടിക്കണമെന്നല്ല ഞാന്‍ ഉദ്ദേശിച്ചത്. പാരമ്പര്യത്തെകുറിച്ച് അഭിമാനിക്കുന്നതോ അതിന്റെ നന്മകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊള്ളുന്നതോ തെറ്റാണെന്നും ഞാന്‍ കരുതുന്നില്ല. എന്നാല്‍ പാരമ്പര്യത്തെക്കുറിച്ച് ചിന്തിക്കേണ്ടത് - ഒരു ബദല്‍ ആധുനികത, ബദല്‍ സംസ്കാരം എങ്ങനെ സൃഷ്ടിക്കാന്‍ കഴിയുമെന്ന് അന്വേഷിക്കാനാണ്. സാമ്രാജ്യത്വ സംസ്കാരത്തെ ചെറുക്കണമെങ്കില്‍ ഈ ബദല്‍ ആധുനികത ശക്തിപ്പെടേണ്ടതുണ്ട്. പാരമ്പര്യത്തെ പുനര്‍ നിര്‍വ്വചിച്ചുകൊണ്ടും ഗൌരവപൂര്‍വ്വം പുതുക്കിപണിതും മാത്രമേ ബദല്‍ ആധുനികത സൃഷ്ടിക്കാനാവൂ...

അടുത്ത കാലത്ത് നടന്നിട്ടുള്ള ഒരു പ്രതിരോധപ്രവര്‍ത്തനം ഈ സമയത്ത് ഞാന്‍ ഓര്‍ക്കുകയാണ്. നവോത്ഥാനത്തെ തിരിച്ചുപിടിക്കുക, നവോത്ഥാനത്തിലേക്ക് മടങ്ങിപോവുക തുടങ്ങി മുദ്രാവാക്യങ്ങളാണ് ഇവിടെ മുഴങ്ങികേട്ടത്. ഇത് വളരെ വികലമായൊരു 'പ്രതിരോധ' രീതിയാണ്. കാരണം - നവോത്ഥാനത്തിലേക്ക് മടങ്ങിപോകുക സാദ്ധ്യമല്ലെന്നതുതന്നെ ! നവോത്ഥാന ആശയങ്ങള്‍ പലതും കേരളം മറന്നുകളഞ്ഞുവെന്നത് സത്യമാണെങ്കിലും - നവോത്ഥാനത്തിലേക്ക് മടങ്ങുകയെന്നത് ചരിത്രത്തോടും കാലത്തോടും തിരിഞ്ഞ് നടക്കാന്‍ പറയലാണ്. നവോത്ഥാന ആശയങ്ങള്‍ മുതലാളിത്ത ആധുനികതയുടെ ആശയങ്ങളായിരുന്നു ഉള്‍കൊണ്ടിരുന്നത്. നവോത്ഥാനത്തിലേക്ക് മടങ്ങുകയല്ല, നവോത്ഥാനത്തില്‍ നിന്ന് ധീരമായി മുന്നോട്ടു പോവുകയാണ് വേണ്ടത്. ബദല്‍ ആധുനികത സൃഷ്ടിക്കുവാന്‍ അതാണ് വേണ്ടത്. അതിനാവുമെങ്കില്‍ മാത്രമേ സാമ്രാജ്യത്വത്തിന്റെ സാംസ്കാരിക അധിനിവേശത്തെ ചെറുക്കുവാനുള്ള ബദല്‍ സംസ്കാരം - ബദല്‍ ആഗോളവല്‍ക്കരണം സാദ്ധ്യമാവുകയുള്ളൂ എന്ന് ഞാന്‍ കരുതുന്നു.

(ഡോ.കെ.എന്‍.പണിക്കര്‍ കോഴിക്കോട് ടൌണ്‍ഹാളില്‍ അദ്ധ്യാപകരുടെ സമ്മേളനത്തില്‍ നടത്തിയ പ്രഭാഷണത്തിന്റെ പൂര്‍ണ്ണരൂപം. കടപ്പാട്: പീപ്പിള്‍ എഗൈന്‍സ്റ്റ് ഗ്ലോബലൈസേഷന്‍)

1 comment:

വര്‍ക്കേഴ്സ് ഫോറം said...

വിദ്യാഭ്യാസം സംസ്കാരത്തിന്റെ ഭാഗമാണ്. നമ്മുടെ സാംസ്കാരിക ജീവിതമടക്കമുള്ള ദൈനംദിന ജീവിതത്തെ മാറ്റി മറിക്കുന്നതിനുള്ള സാധ്യതകള്‍ വിദ്യാഭ്യാസ മേഖലയില്‍ നിരന്തരം സംഭവിച്ചുകൊണ്ടിരിക്കുകയാണ്. എല്ലാവര്‍ക്കും അറിയാവുന്നതുപോലെ വിദേശ സര്‍വ്വകലാശാലകളുടെ കാമ്പസുകള്‍ രാജ്യത്ത് തുടങ്ങാനുള്ള തീരുമാനം കേന്ദ്ര സര്‍ക്കാര്‍ എടുത്തു കഴിഞ്ഞു. അതിനാവശ്യമായ നിയമം/ബില്‍ തയ്യാറാണ്. ഒരു പക്ഷേ വരുന്ന അഞ്ച് വര്‍ഷംകൊണ്ട് രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും ഈ സര്‍വ്വകലാശാലകളുടെ ക്യാമ്പസുകള്‍ സ്ഥാപിക്കപ്പെടാന്‍ സാധ്യതയുണ്ട്. ഈ ക്യാമ്പസുകള്‍ പക്ഷേ ഓക്സ്ഫോര്‍ഡ്, കേംബ്രിഡ്ജ് സര്‍വ്വകലാശാലകളെപ്പോലെ ഉയര്‍ന്ന അക്കാഡമിക് നിലവാരമുള്ള യൂണിവേഴ്സിറ്റികളുടെ ക്യാമ്പസുകളായിരിക്കില്ല.അമേരിക്കയിലോ, ഇംഗ്ലണ്ടിലോ, ആസ്ത്രേലിയയിലോ ഉള്ള മൂന്നാം തരം സര്‍വ്വകലാശാലകളുടെ ക്യാമ്പസുകളായിരിക്കും ഇവിടെ സ്ഥാപിക്കപ്പെടുന്നത്. ഈ മൂന്നാംകിട സര്‍വ്വകലാശാലകള്‍ വ്യവസായ സ്ഥാപനങ്ങളാണ്. ഇവയില്‍ പലതും ന്യൂയോര്‍ക്കിലെ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ രജിസ്റര്‍ ചെയ്യപ്പെട്ട കമ്പനികളാണ്. അതുകൊണ്ട് തന്നെ വ്യവസായങ്ങളാണവ. വ്യവസായ താല്‍പര്യങ്ങളുമായിട്ടാണ് അവ ഇവിടേക്ക് വരുന്നത് ! അത്തരം വിദ്യാഭ്യാസ വ്യവസായങ്ങള്‍ നമുക്ക് അഭിലഷണീയമാണോ എന്നും, അതുകൊണ്ടുള്ള പ്രത്യാഘാതങ്ങള്‍ എന്താണെന്നും നാം ചിന്തിക്കേണ്ടതുണ്ട്. അവ വരുന്നതുകൊണ്ടുണ്ടാവുന്ന സാംസ്കാരിക തകര്‍ച്ചയെക്കുറിച്ച് നമുക്ക് ധാരണ ഉണ്ടാവേണ്ടതുണ്ട്.

ഡോ.കെ.എന്‍.പണിക്കര്‍ കോഴിക്കോട് ടൌണ്‍ഹാളില്‍ അദ്ധ്യാപകരുടെ സമ്മേളനത്തില്‍ നടത്തിയ പ്രഭാഷണത്തിന്റെ പൂര്‍ണ്ണരൂപം ചര്‍ച്ചകള്‍ക്കായി സമര്‍പ്പിക്കുന്നു.