Tuesday, July 17, 2007

ഐ.ടി മേഖലയുടെ വികാസം, പ്രത്യാഘാതം, ബദലുകള്‍ - ഒരന്വേഷണം

വിവര വിനിമയ സാങ്കേതിക വിദ്യയുടെ വികാസം. മറ്റു മേഖലകളില്‍ അത് സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങള്‍. സാധ്യമായ ബദലുകള്‍. ഒരന്വേഷണം

വിവര വിനിമയ സാങ്കേതിക വിദ്യയുടെ (Information Communication Technology) രംഗത്ത് നിരന്തരം ഉണ്ടായിക്കൊണ്ടിരിക്കുന്ന അഭൂതപൂര്‍വമായ വികാസം കൃഷി മുതല്‍ ഭരണം വരെയും വിനോദം മുതല്‍ ശാസ്ത്ര- സാങ്കേതികവിദ്യവരെയുമുള്ള ജീവിതത്തിന്റെ സമസ്ത മേഖലകളിലുംഅതിന്റെ വിനാശകരവും സൃഷ്ടിപരമായ ഫലങ്ങള്‍ പ്രകടമാക്കിക്കൊണ്ടിരിക്കുന്നു.

വിവര വിനിമയ സാങ്കേതിക വിദ്യയുടെ രംഗത്തെ വികാസം ഒരു പൂര്‍ണ ചക്രം പൂര്‍ത്തിയാക്കിയിരിക്കുന്നു. മനുഷ്യന്‍ അവന്റെ ഏറ്റവും അടുത്തയാളിനോട് പോലും സംവദിക്കാന്‍ ആകാതെ കുഴങ്ങി നിന്നിരുന്ന അവസ്ഥയില്‍ നിന്നും ലോകത്തെവിടേയുമുള്ള ആരോടും സംവദിക്കാന്‍ കഴിയും എന്ന നിലയിലേക്ക് ഇന്നു സാങ്കേതികവിദ്യ വളര്‍ന്നിരിക്കുന്നു. ഇതിനിടയില്‍ സമൂഹം മൊഴി(speech), ചിഹ്നം (symbol), അക്ഷരം(script), ഭാഷ(language), ഗണിതം, പ്രിന്റിങ്ങ്, തപാല്‍, കമ്പി, ടെലിഫോണ്‍, ടെലെക്സ്, റേഡിയോ, ടി.വി, അവസാനം കമ്പ്യൂട്ടര്‍ വരെ സാങ്കേതിക വികാസത്തിന്റെ വിവിധ പടവുകള്‍ താണ്ടുകയുണ്ടായി.

ഇവയോരോന്നും ഒന്നില്‍ നിന്നും മറ്റൊന്നിലേക്കുള്ള കുതിച്ചു ചാട്ടമായിരുന്നു.

ഇവയുടെ എല്ലാം സമഗ്രസമ്മേളനമായ കമ്പ്യൂട്ടറിലാവട്ടെ ആന്തരികമായി അതിന്റെ ഒരു ഘടകത്തില്‍ നിന്നും മറ്റൊന്നിലേക്കും ബാഹ്യമായി ഒരു കമ്പ്യൂട്ടറില്‍ നിന്നും അനവധി കമ്പ്യൂട്ടറുകളിലേക്കും ഡിജിറ്റല്‍ സിഗ്നലുകള്‍ നിരന്തരം പ്രേഷണം ചെയ്യാനും സ്വീകരിക്കാനും സംസ്കരിക്കാനുമുള്ള ക്ഷമതയുണ്ട്.

ഈ പ്രക്രിയകള്‍ സം‌പ്രേഷണത്തിന്റെ വിവിധ രൂപങ്ങള്‍, അതു ശബ്ദമോ, സ്ക്രിപ്റ്റോ, (അക്ഷരങ്ങളും അക്കങ്ങളും ചിഹ്നങ്ങളും പെടും), ഇമേജോ ആയിക്കോട്ടെ, എല്ലാം ഡിജിറ്റല്‍ രൂപത്തിലേക്ക് മാറ്റപ്പെടുന്നു. ഈ പ്രതിഭാസം വിവരം(information) സൃഷ്ടിക്കപ്പെടുകയും, പ്രയോഗിക്കപ്പെടുകയും വിനിമയം ചെയ്യപ്പെടുകയും ഉപഭോഗം ചെയ്യപ്പെടുകയും ചെയ്യുന്ന എല്ലാ മേഖലകളിലും അതിന്റെ മായാത്ത മുദ്ര പതിപ്പിച്ചു കഴിഞ്ഞു.

ഇതിനകം ഉത്കണ്ഠ ഉണര്‍ത്തുന്ന പല മാറ്റങ്ങള്‍ ഈ മേഖലയില്‍ പ്രത്യക്ഷപ്പെട്ടു എങ്കിലും സാങ്കേതിക വിദ്യയുടെ രംഗത്തുണ്ടായിരിക്കുന്ന ഈ മുന്നേറ്റം തുറന്നു തരാനിരിക്കുന്ന മുഴുവന്‍ സാധ്യതകളേയും മനസ്സിലാക്കാന്‍ പോലും ആയിട്ടില്ല. ഇതില്‍ അന്തര്‍ലീനമായിരിക്കുന്ന സാധ്യതകളും ഒപ്പം ഭവിഷ്യത്തുകളും ഇനിയും കണ്ടുപിടിക്കപ്പെടേണ്ടിയിരിക്കുന്നു.

വാസ്തവത്തില്‍ സകലമേഖലകളിലും നാം ഇതാണ് കാണുന്നത്.

കൃഷി, നിര്‍മാണം, വിപണനം, ബാങ്കിങ്ങ്, ഇന്‍ഷുറന്‍സ്, വിദ്യാഭ്യാസം, ആരോഗ്യ പരിരക്ഷ തുടങ്ങിയ സാമ്പത്തിക പ്രവര്‍ത്തനങ്ങളുടെ മേഖലയിലാവട്ടെ, ഭരണനിര്‍വഹണ രംഗത്താവട്ടെ, കല, സാഹിത്യം, സാംസ്കാരികം തുടങ്ങിയ സാമൂഹ്യരംഗങ്ങളിലാവട്ടെ എവിടെയും വിവര വിനിമയ സാങ്കേതിക വിദ്യയില്‍ അനുദിനം ഉണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റങ്ങളുടെ സൃഷ്ടിപരവും പ്രതിലോമപരവുമായ പ്രത്യാഘാതങ്ങള്‍ കാണാന്‍ കഴിയും.

ഇത്തരം പ്രത്യാഘാതങ്ങള്‍ സൃഷ്ടിപരമാണോ അതോ പ്രതിലോമപരമാണോ എന്നത് ഒരു വലിയ പരിധി വരെ ഈ ഉപകരണങ്ങള്‍ ആ‍രുപയോഗിക്കുന്നു, എന്തിനുപയോഗിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു.

വര്‍ത്തമാന പരിതസ്ഥിതിയില്‍ ഇതിന്റെ മുഖ്യ പ്രയോക്താക്കള്‍ മൂലധന നിക്ഷേപകര്‍ ( ക്യാപ്പിറ്റല്‍ ഇന്‍‌വെസ്റ്റേഴ്സ് ) ആ‍യതിനാല്‍ മൂലധനത്തിന്റെ താല്പര്യങ്ങള്‍ സംരക്ഷിക്കുന്നത് സ്വാഭാവികമായും അവരുടെ മുഖ്യ ഉദ്ദേശ്യം ആയിത്തീരുന്നു.

സാങ്കേതികവിദ്യയുടെ ഉപയോഗത്തിന്റെ ഇത്തരം പ്രതിലോമപരമായ പ്രത്യാഘാതം പഴയ തലമുറയില്‍‌പെട്ട ബാങ്കുകള്‍, ഇന്‍ഷുറന്‍സ് കമ്പനികള്‍, ടെലികമ്യൂണിക്കേഷന്‍ സേവനദാതാക്കള്‍, നിര്‍മാണ വ്യവസായങ്ങള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവയൊക്കെ അഭിമുഖീകരിക്കുന്നതായി കാണുവാന്‍‍ കഴിയും. അവര്‍ ഇന്നും ആശ്രയിക്കുന്നത് പരമ്പരാഗത ഇന്‍ഫോര്‍മേഷന്‍ കമ്യൂണിക്കേഷന്‍ ടെക്നോളജിയെ ആണെന്നും അവിടെ മിക്കയിടത്തും ഇന്നും പേപ്പര്‍ ജോലികള്‍ ആധാരമാക്കിയ വ്യവസ്ഥകളാണ് (paper based systems)
നിലവില്‍ ഉള്ളത് എന്നും കാണുവാന്‍ പ്രയാസമില്ല. കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്ന ഇടങ്ങളില്‍ ആകട്ടെ stand alone systems ഉം പരസ്പര ബന്ധിതമല്ലാത്ത ശൃംഖലകളും(fragmented networks) ആ‍ണ് കാണാന്‍ കഴിയുക.

മറുവശത്ത് നാം എന്താണ് കാണുന്നത്?

പുതിയ തലമുറയില്‍‌പെട്ട ടെലികമ്യൂണിക്കേഷന്‍ സേവനദാതാക്കള്‍, ബാങ്കുകള്‍, ഇന്‍ഷുറന്‍സ് കമ്പനികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ (അണ്‍ എയ്‌ഡഡ് സ്ഥാപനങ്ങള്‍ അല്ല, ഇന്ത്യന്‍ വിദ്യാഭ്യാസ മേഖലയിലേക്കു കടന്നു വരാന്‍ തക്കം പാര്‍ത്തിരിക്കുന്ന ബഹുരാഷ്ട്ര സ്ഥാപനങ്ങള്‍), ആശുപത്രി സമുച്ചയങ്ങള്‍ (ഇവിടെയും സ്വകാര്യ ആ‍ശുപത്രികളെയല്ല ഈ മേഖലയിലേക്കു കടന്നു വരാന്‍ വെമ്പല്‍ കൊള്ളുന്ന ബഹുരാഷ്ട്ര സ്ഥാപനങ്ങളെയാണ് വിവക്ഷിക്കുന്നത്) റീട്ടെയില്‍ വ്യാപാര ശൃംഖലകള്‍, സര്‍ക്കാരിനെ സഹായിക്കാന്‍ മുന്നോട്ടു വരുന്ന ഐ ടി / കണ്‍സല്‍ട്ടന്‍സി ( എ ഡി ബി യുടെ എം ജി പി -Modernisation in Govt Program ഓര്‍ക്കുക)/മാനേജ്‌മെന്റ് സ്ഥാപനങ്ങള്‍ തുടങ്ങിയവയുടെ ഒരു നീണ്ട നിര തന്നെ കാണാം.

പുതിയ തലമുറയിലെ സ്ഥാപനങ്ങളുടെ വരവോടെ, നിലവിലുള്ള സ്ഥാപനങ്ങള്‍ക്ക് തങ്ങളുടെ നിലനില്‍പ്പിനായി അവയോട് മത്സരിക്കേണ്ടി വരുന്നു. പലരും പുതിയ തലമുറയിലെ സ്ഥാപനങ്ങളെ കണക്കാക്കുന്നതു പുത്തന്‍ സാങ്കേതിക വിദ്യയുടെ സൃഷ്ടിപരമായ പ്രവണതകളുടെ പ്രതിനിധിയായാണ്.

അതല്ല എന്നതാണ് വാസ്തവം.

സമൂഹത്തിന്റെ ക്ഷേമമല്ല, മറിച്ച് മൂലധനനാഥന്മാരുടെ ലാഭമാണ് ഉറപ്പു വരുത്തുന്നത് എന്നതിലൂടെ അവര്‍ സാങ്കേതിക വിദ്യയുടെ പ്രതിലോമപരമായ ഉപയോഗമാണ് ലക്ഷ്യമാക്കുന്നത്. ഈ മത്സരത്തില്‍ (ജനങ്ങളുടെ മേല്‍ നടത്തുന്ന ചൂഷണത്തിന്റെ കാര്യത്തില്‍) ആരു ജയിക്കുന്നു എന്നതിനു വലിയ പ്രസക്തിയില്ല, കാരണം രണ്ടുപേരും മൂലധനത്തിന്റെ താല്പര്യം സംരക്ഷിക്കുകയെന്ന കടമ സാമാന്യ ജനതയെ കൊള്ളയടിച്ചുകൊണ്ട് സമാനമായി നിര്‍വഹിക്കുന്നു.

പക്ഷെ, അന്താരാഷ്ട്ര ഫൈനാന്‍സ് മൂലധനത്തിന്റെ മേല്‍ക്കോയ്മക്കെതിരായ പോരാട്ടത്തില്‍ പൊതുമേഖലാ സ്ഥാപനങ്ങളെ ഉപയോഗപ്പെടുത്താനുള്ള സാദ്ധ്യതകള്‍ പരിഗണിക്കുമ്പോള്‍ പുതിയ തലമുറയിലെ സ്ഥാപനങ്ങളും പഴയ തലമുറയിലെ സ്ഥാപനങ്ങളും തമ്മില്‍ വലിയ അന്തരമുണ്ട് എന്നു കാണാം, എന്തു കൊണ്ടെന്നാല്‍ പുതിയ തലമുറയിലെ സ്ഥാപനങ്ങള്‍ അന്താരാഷ്ട്ര ഫൈനാന്‍സ് മൂലധനത്തിന്റെ നേരിട്ടുള്ള സൃഷ്ടികളാണ്.

പൊതുമേഖല നിലനില്‍ക്കേണ്ടത് കേവലം അവിടുത്തെ ജീവനക്കാരുടേയോ മാനേജ്‌മെന്റിന്റേയോ ആ‍വശ്യമെന്നതിലുപരി ഫൈനാന്‍സ് മൂലധനത്തിന്റെ കടന്നാക്രമണങ്ങളെ ചെറുക്കണമെന്ന താല്പര്യമുള്ള സര്‍ക്കാരിന്റേയും സാമാന്യ ജനങ്ങളുടേയും കൂടി ആ‍വശ്യമാണ്.

പക്ഷേ ഇന്നു തൊഴിലാളികള്‍ മാത്രേമ, അതും തൊഴിലാളികളില്‍ തന്നെ ഉയര്‍ന്ന ബോധം പ്രകടിപ്പിക്കുന്ന ഒരു ചെറിയ വിഭാഗം മാത്രമേ ഇതു തിരിച്ചറിയുന്നുള്ളൂ എന്നതാണ് സത്യം.

പൊതുമേഖലാസ്ഥാപനങ്ങളില്‍ പരമ്പരാഗതമായി കൈമാറിക്കിട്ടിയ പഴഞ്ചന്‍ ഇന്‍ഫോര്‍മേഷന്‍ സിസ്റ്റമാണ് നിലവിലുള്ളത് എന്ന പരിമിതി അംഗീകരിക്കുമ്പോള്‍ത്തന്നെ തൊഴിലാളികളുടേയും സാമാന്യ ജനങ്ങളുടേയും ദേശീയ സര്‍ക്കാരുകളുടെയും പൊതുവായ നന്മക്ക് അവ നിലനില്‍ക്കേണ്ടതും തുടരേണ്ടതും ആ‍ണ്.

നിലനില്പിനായി അവ മത്സരിക്കുക തന്നെ വേണം.

എന്നാല്‍ ‍പുതിയ തലമുറയിലെ സ്ഥാപനങ്ങള്‍ സ്വീകരിച്ചിരിക്കുന്ന അവധാരണകളും മാനദണ്ഡങ്ങളും അംഗീകരിക്കാതെയോ സ്വാംശീകരിക്കാതെയോ ഇന്നത്തെ അവസ്ഥയില്‍ പൊതുമേഖലാസ്ഥാപനങ്ങള്‍ക്ക് ഈ മത്സരത്തില്‍ ജയിക്കാനാവില്ല എന്നതാണ് സത്യം.

പുതുതലമുറയിലെ സ്ഥാപനങ്ങള്‍ക്കൊപ്പം കമ്പോളത്തിന്റെ താല്പര്യങ്ങള്‍ അനുസരിച്ചു പ്രവര്‍ത്തിക്കുക പൊതു മേഖലാസ്ഥാപനങ്ങള്‍ക്ക് അത്ര എളുപ്പമാവില്ല.എങ്കിലും അതു നടന്നേ തീരൂ. അല്ലെങ്കില്‍ പൊതു മേഖലാസ്ഥാപനങ്ങള്‍ക്ക് ഒപ്പം അവിടുത്തെ തൊഴിലാളികളും മത്സര രംഗത്തുനിന്നും ഒഴിവാക്കപ്പെടും.

പൊതു മേഖലാ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിന് തടസ്സമായി നില്‍ക്കുന്ന കാര്യങ്ങള്‍ പരിശോധിച്ചാല്‍ മാനേജ്‌മെന്റിന്റെയും തൊഴിലാളികളുടേയും മനോഭാവത്തോടൊപ്പമോ അതില്‍ കൂടുതലോ പ്രധാനമായ ഒരു കാര്യമാണ് സര്‍ക്കാര്‍ ഏതു വര്‍ഗ്ഗത്തിന്റെ താല്പര്യത്തെ പ്രതിനിധീകരിക്കുന്നു എന്നുള്ളത്.

മനോഭാവം എന്നത് ഒരു സ്ഥായിയായ പ്രതിഭാസമല്ല. പരിതസ്ഥിതികള്‍ക്കനുസരിച്ച് അതില്‍ മാറ്റം ഉണ്ടായേ മതിയാവൂ.

പൊതു മേഖലാ സ്ഥാപനങ്ങള്‍ ഇന്നഭിമുഖീകരിക്കുന്ന അവസ്ഥയ്ക്ക് കാരണമായി ചിലര്‍ ചൂണ്ടിക്കാണിക്കുന്നത് കമ്പ്യൂട്ടറൈസേഷനെ തൊഴിലാളികള്‍ എതിര്‍ത്തതിനെയാണ്. തൊഴിലാളികളുടെയും സാമാന്യ ജനങ്ങളുടെയും താല്പര്യങ്ങള്‍ക്കെതിരായുള്ള കമ്പ്യൂട്ടറൈസേഷനെ മാത്രമാണ് അന്ന് തൊഴിലാളികള്‍ എതിര്‍ത്തത്. ഇന്ന് കമ്പ്യൂട്ടര്‍വല്‍ക്കരണ വിരുദ്ധ പ്രക്ഷോഭങ്ങളെക്കുറിച്ചൊന്നും കേള്‍ക്കാനില്ലല്ലോ?

എങ്കിലും പുതിയ സാങ്കേതിക വിദ്യ സ്വാംശീകരിക്കുന്നത് സംബന്ധിച്ച് വിവിധ പൊതു മേഖലാ സ്ഥാപനങ്ങളിലെ ഇന്നത്തെ സ്ഥിതി എന്താണ്? വിവിധ പൊതു മേഖലാ സ്ഥാപനങ്ങള്‍ ഐ ടി രംഗത്തെ കുത്തകകളെ സ്വാഗതം ചെയ്യുന്ന കാഴ്ചയാണെങ്ങും.

എവിടെ തിരിഞ്ഞു നോക്കിയാലും അവിടൊക്കെ പ്രൊപ്രൈറ്ററി സോഫ്റ്റ്വെയര്‍ പ്ലാറ്റ്ഫോമുകളും കുത്തക സേവനദാതാക്കളും (service providers). ബാങ്കിങ്ങ് രംഗത്താവട്ടെ അവിടെ നാമമാത്രമായെങ്കിലും നിലവിലുണ്ടായിരുന്ന ഇന്‍ ഹൌസ് പാക്കേജുകള്‍ ബോധപൂര്‍വം ഇല്ലാതാക്കി കോര്‍ ബാങ്കിങ്ങ് സൊല്യൂഷന്റെ (core banking solution) പേരില്‍ കുത്തക കമ്പനികള്‍ക്ക് ചുവന്ന പരവതാനി വിരിക്കുകയാണ്.

എല്ലാ മേഖലകളിലും, അതു ടെലിക്കോമോ, ഊര്‍ജമേഖലയോ, സര്‍ക്കാര്‍ ഡിപ്പാര്‍ട്ടുമെന്റുകള്‍ തന്നെയോ ആ‍കട്ടെ, അവിടെല്ലാം ഈ സംഘര്‍ഷം നിലനില്‍ക്കുന്നതായി കാണാം.

ഇന്‍ഫോര്‍മേഷന്‍ കമ്യൂണിക്കേഷന്‍ ടെക്നോളജി മേഖലയില്‍ ഏറ്റവും കൂടുതല്‍ അടിസ്ഥാന സൌകര്യങ്ങളുള്ള ബി എസ് എന്‍ എല്‍ വേണ്ട സ്ഥലത്ത് ഉടന്‍ സേവനം എത്തിക്കുന്നതിന് (on the spot service delivery) ഒരു പദ്ധതി പോലും തയ്യാറാക്കിയിട്ടില്ല. അവരുടെ മാനേജ് മെന്റ് സംവിധാനത്തില്‍ നിലവിലുള്ള നെറ്റ്വര്‍ക്കുകള്‍ പരസ്പരബന്ധിതമല്ലെന്നതോ (fragmented) പോകട്ടെ, അവ മിക്കവയും സ്റ്റാന്‍ഡ് എലോണ്‍ (stand alone) കൂടി ആണ് എന്നതാണ് വാസ്തവം.

ബി എസ് എന്‍ എല്‍ മാനേജ് മെന്റ് ഇന്നും ബ്രിട്ടീഷുകാരുടെ കാലത്തെ ഫയല്‍ സിസ്റ്റത്തില്‍ കുരുങ്ങിക്കിടക്കുകയാണ്. ആകെക്കൂടി നടക്കുന്നതാകട്ടെ, പേപ്പര്‍ ഫയല്‍ സിസ്റ്റത്തില്‍ നിന്നും ഇലക്ട്രോണിക് ഫയല്‍ സിസ്റ്റത്തിലേക്കുള്ള മാറ്റമാണ്.

ഐ ടി യെക്കുറിച്ചുള്ള പുതിയ അവധാരണകളോ അതിന്റെ വൈവിധ്യമാര്‍ന്ന ക്ഷമതയോ ഉപയോഗപ്പെടുത്തുന്നതില്‍ മാനേജ് മെന്റുകള്‍ പരാജയപ്പെടുന്നു.

ബി എസ് എന്‍ എല്‍ കോര്‍പ്പറേറ്റ് ഓഫീസ് രണ്ടായിരാമാണ്ടില്‍ത്തന്നെ ICT സേവനങ്ങള്‍ പ്രദാനം ചെയ്യേണ്ടത് കമ്പനിയുടെ ലക്ഷ്യമായി പ്രഖ്യാപിച്ചുവെങ്കിലും, കേരളം പോലെ ബി എസ് എന്‍ എല്‍ നല്‍കുന്ന സേവനങ്ങള്‍ക്ക് ആവശ്യക്കാരേറെയുളള സംസ്ഥാനത്തില്‍ പോലും ഈ ദിശയിലുള്ള പ്രവര്‍ത്തനം ഗൌരവമായി പരിഗണിച്ചിട്ടു പോലുമില്ല.

സാദ്ധ്യമായ ബദലുകള്‍ ഇന്നു വളരെ വ്യക്തമാണ്.

ഓരോ പൊതുമേഖല സ്ഥാപനവും അതിന്റെ ഉല്പാദന, പ്രവര്‍ത്തന, വിപണന, ഭരണനിര്‍വഹണ-മാനേജ് മെന്റ് രംഗങ്ങളില്‍ , ഇന്‍ഫോര്‍മേഷന്‍ ടെക്നോളജി നല്‍കുന്ന വൈവിധ്യമാര്‍ന്ന സാദ്ധ്യതകള്‍ ഉപയോഗപ്പെടുത്തിക്കൊണ്ട്, ഒരു പൊളിച്ചെഴുത്തു നടത്തേണ്ടിയിരിക്കുന്നു.

IT സേവനങ്ങള്‍ പ്രദാനം ചെയ്യുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ ആ‍കട്ടെ ലഭ്യമായ ഏറ്റവും ഉയര്‍ന്ന സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തിക്കൊണ്ട് അടിയന്തിരമായി തങ്ങളുടെ ധാരണകളും സംവിധാനങ്ങളും നവീകരിക്കുകയും ഉല്‍പ്പന്നങ്ങളെ വൈവിധ്യവല്‍ക്കരിക്കയും വിപണന, ഭരണനിര്‍വഹണ-മാനേജ് മെന്റ് രംഗങ്ങളെ പരിഷ്ക്കരിക്കയും ചെയ്യേണ്ടിയിരിക്കുന്നു. സാങ്കേതിക വിദ്യയുടെ അഭാവത്തെ അല്ലെങ്കില്‍ അപര്യാപ്തതയെ മറ്റു പൊതു മേഖലാസ്ഥാപനങ്ങളുമായുള്ള പങ്കാളിത്തത്തിലൂടെയോ (tie-ups) സാമൂഹ്യ സംഘടനകളുടെ സഹായത്താലോ മുറിച്ചു കടക്കേണ്ടിയിരിക്കുന്നു.

പ്രൊപ്രൈറ്ററി സോഫ് റ്റ്വെയര്‍ പ്ലാറ്റ്ഫോമുകളുടെ( proprietary SW platforms) ഉപയോഗം ഒഴിവാക്കിക്കൊണ്ട് കൂടുതല്‍ കൂടുതല്‍ GPL (General Public License) ഉപയോഗിക്കുക വഴി സ്ഥാപനങ്ങള്‍ക്കുള്ളില്‍ തന്നെ മൂല്യവര്‍ദ്ധനവിനുള്ള (Value addition) സാദ്ധ്യത നിലനിര്‍ത്തപ്പെടും എന്നു മാത്രമല്ല, ഐ ടി രംഗത്തെ കുത്തകവല്‍ക്കരണം തടയപ്പെടുകയും ചെയ്യും.

ചുരുക്കത്തില്‍, പൊതുമേഖലാ സ്ഥാപനങ്ങളെ നിലനിര്‍ത്താനും അവയെ നന്നായി പ്രവര്‍ത്തിപ്പിക്കാനും വേണ്ടിയുള്ള പോരാട്ടങ്ങള്‍ സര്‍ക്കാരിന്റെ നയങ്ങളെ തിരുത്തിക്കാന്‍ ശ്രമിക്കുന്ന ശക്തികള്‍ക്ക് കരുത്തു പകരുകയും സാങ്കേതിക വിദ്യയുടെ കൂടുതല്‍ കൂടുതല്‍ സൃഷ്ടിപരമായ ഉപയോഗത്തിനും വഴി തെളിയിക്കുകയും ചെയ്യും.

(ലേഖകന്‍- ശ്രീ. ജോസഫ് തോമസ് (Appropriate Technology Promotion Society-ATPS)

ATPS is a scientific society registered under Travancore - Cochin Scientific Literacy and Charitable Societies Act. ATPS is a conglomerate of engineers in the field of IT and social entrepreneurs.

6 comments:

വര്‍ക്കേഴ്സ് ഫോറം said...

വിവര വിനിമയ സാങ്കേതിക വിദ്യയുടെ വികാസം. മറ്റു മേഖലകളില്‍ അത് സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങള്‍. സാധ്യമായ ബദലുകള്‍. ഒരന്വേഷണം

Unknown said...

"ഓരോ പൊതുമേഖല സ്ഥാപനവും അതിന്റെ ഉല്പാദന, പ്രവര്‍ത്തന, വിപണന, ഭരണനിര്‍വഹണ-മാനേജ് മെന്റ് രംഗങ്ങളില്‍ , ഇന്‍ഫോര്‍മേഷന്‍ ടെക്നോളജി നല്‍കുന്ന വൈവിധ്യമാര്‍ന്ന സാദ്ധ്യതകള്‍ ഉപയോഗപ്പെടുത്തിക്കൊണ്ട്, ഒരു പൊളിച്ചെഴുത്തു നടത്തേണ്ടിയിരിക്കുന്നു.

IT സേവനങ്ങള്‍ പ്രദാനം ചെയ്യുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ ആ‍കട്ടെ ലഭ്യമായ ഏറ്റവും ഉയര്‍ന്ന സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തിക്കൊണ്ട് അടിയന്തിരമായി തങ്ങളുടെ ധാരണകളും സംവിധാനങ്ങളും നവീകരിക്കുകയും ഉല്‍പ്പന്നങ്ങളെ വൈവിധ്യവല്‍ക്കരിക്കയും വിപണന, ഭരണനിര്‍വഹണ-മാനേജ് മെന്റ് രംഗങ്ങളെ പരിഷ്ക്കരിക്കയും ചെയ്യേണ്ടിയിരിക്കുന്നു. സാങ്കേതിക വിദ്യയുടെ അഭാവത്തെ അല്ലെങ്കില്‍ അപര്യാപ്തതയെ മറ്റു പൊതു മേഖലാസ്ഥാപനങ്ങളുമായുള്ള പങ്കാളിത്തത്തിലൂടെയോ (tie-ups) സാമൂഹ്യ സംഘടനകളുടെ സഹായത്താലോ മുറിച്ചു കടക്കേണ്ടിയിരിക്കുന്നു.

പ്രൊപ്രൈറ്ററി സോഫ് റ്റ്വെയര്‍ പ്ലാറ്റ്ഫോമുകളുടെ( proprietary SW platforms) ഉപയോഗം ഒഴിവാക്കിക്കൊണ്ട് കൂടുതല്‍ കൂടുതല്‍ GPL (General Public License) ഉപയോഗിക്കുക വഴി സ്ഥാപനങ്ങള്‍ക്കുള്ളില്‍ തന്നെ മൂല്യവര്‍ദ്ധനവിനുള്ള (Value addition) സാദ്ധ്യത നിലനിര്‍ത്തപ്പെടും എന്നു മാത്രമല്ല, ഐ ടി രംഗത്തെ കുത്തകവല്‍ക്കരണം തടയപ്പെടുകയും ചെയ്യും."

തൊഴിലാളി പക്ഷത്തു നിന്നുള്ള നല്ല ഒരു വിശകലനം. പൊതു മേഖലയുടെ ദൌര്‍ബ്ബല്യങ്ങളും ഒപ്പം പരിഹാര മാര്‍ഗങ്ങളും ശ്രീ തോമസ് ഭംഗിയായി പറഞ്ഞിരിക്കുന്നു.


jose.t.abraham

N.J Joju said...

സാങ്കേതികവിദ്യ രൂപപ്പെടുന്നത് എപ്പോഴും മൂലധനനാഥന്മാരുടെ ലാഭം ഉന്നം വച്ചുതന്നെയാണ്. അല്ലായിരുന്നെങ്കില്‍ സാങ്കേതിക വിദ്യ ഇത്രത്തോളം പുരോഗമിക്കുകയില്ലായിരുന്നു. അത് ക്രിയാത്മകം തന്നെയാണ്. ഇപ്രകാരം രൂപപ്പെടുന്ന സാങ്കേതികവിദ്യയെ എങ്ങനെ സമൂഹത്തിന്റെ ക്ഷേമത്തിനായി വിനിയോഗിക്കാം എന്നാണ് സമൂഹക്ഷേമതത്പരര്‍ ചിന്തിക്കേണ്ടത്.

“തൊഴിലാളികളുടെയും സാമാന്യ ജനങ്ങളുടെയും താല്പര്യങ്ങള്‍ക്കെതിരായുള്ള കമ്പ്യൂട്ടറൈസേഷനെ മാത്രമാണ് അന്ന് തൊഴിലാളികള്‍ എതിര്‍ത്തത്. ഇന്ന് കമ്പ്യൂട്ടര്‍വല്‍ക്കരണ വിരുദ്ധ പ്രക്ഷോഭങ്ങളെക്കുറിച്ചൊന്നും കേള്‍ക്കാനില്ലല്ലോ?”
എന്തായിരുന്നൂ തൊഴിലാളികളുടെയും സാമാന്യ ജനങ്ങളുടെയും താല്പര്യങ്ങള്‍ക്കെതിരായുള്ള കമ്പ്യൂട്ടറൈസേഷന്‍ എന്നു വ്യക്തമാക്കാമോ? കമ്പ്യൂട്ടറെസേക്ഷന്‍ അന്നും ഇന്നും ഒന്നു തന്നെ. ഇന്ന് കമ്പ്യൂട്ടര്‍വല്‍ക്കരണ വിരുദ്ധ പ്രക്ഷോഭങ്ങളെക്കുറിച്ചൊന്നും കേള്‍ക്കാനില്ലാത്തത് കമ്പ്യൂട്ടറെസേക്ഷന്‍ എന്താണ് എന്നു മനസ്സിലായതുകൊണ്ടാണ്. അല്ലാ‍തെ അന്നത്തെ കമ്പ്യൂട്ടരൈസേഷനും ഇന്നത്തെ കമ്പ്യൂട്ടരൈസേഷനും രണ്ടായതുകൊണ്ടല്ല.

proprietary SW platforms നോടും General Public License നോടും ഉള്ള മുന്വിധികള്‍ അനാവശ്യമാണ്. നമ്മുടെ അല്ലെങ്കില്‍ നമ്മുടെ സ്ഥാപനങ്ങളുടെ ആവശ്യങ്ങള്‍ക്ക് അനുയോജ്യമായവ വേണം തിരഞ്ഞെടുക്കാന്‍.

Anonymous said...

ശ്രീ.എന്‍.ജെ.ജോജു ഇങ്ങനെ പറഞ്ഞു:

1." സാങ്കേതികവിദ്യ രൂപപ്പെടുന്നത് എപ്പോഴും മൂലധനനാഥന്മാരുടെ ലാഭം ഉന്നം വച്ചുതന്നെയാണ്. അല്ലായിരുന്നെങ്കില്‍ സാങ്കേതിക വിദ്യ ഇത്രത്തോളം
പുരോഗമിക്കുകയില്ലായിരുന്നു. അത് ക്രിയാത്മകം തന്നെയാണ്. ഇപ്രകാരം രൂപപ്പെടുന്ന സാങ്കേതികവിദ്യയെ എങ്ങനെ സമൂഹത്തിന്റെ ക്ഷേമത്തിനായി വിനിയോഗിക്കാം
എന്നാണ് സമൂഹക്ഷേമതത്പരര്‍ ചിന്തിക്കേണ്ടത് ".

ജോജുവിന്റെ ഈ വാദം ശരിയാണെന്നു തോന്നുന്നില്ല. സാങ്കേതിക വിദ്യ രൂപപ്പെടുന്നത് മൂലധന നാഥന്മാരുടെ ലാഭം ലക്ഷ്യം വെച്ചുള്ള പ്രവര്‍ത്തനം കൊണ്ട് മാത്രമല്ല. മൂലധനം
രൂപപ്പെടുന്നതിനു മുന്‍പും മൂലധന നാഥന്മാര്‍ രംഗത്തെത്തുന്നതിനു മുന്‍പും സാങ്കേതിക വിദ്യ രൂപപ്പെട്ടു തുടങ്ങിയിരുന്നു (ചരിത്രം അതാണ് പഠിപ്പിക്കുന്നത് ).
ഇന്നു നടക്കുന്ന സാങ്കേതിക വിദ്യയുടെ ചടുലമായ പ്രയോഗത്തിനു പിന്നില്‍ മൂലധന നാഥന്‍‌മാരുടെ ലാഭക്കൊതിയാണെന്നതു ശരി തന്നെയാണ്. പക്ഷെ, സാങ്കേതിക വിദ്യയുടെ
പ്രയോഗം ലാഭം മാത്രം ലക്ഷ്യം വെച്ചാകുമ്പോള്‍ അത് സമൂഹത്തിനു പൊതുവെ ഗുണകരമല്ലാതായിത്തീരുന്നു. ഇന്നു നടക്കുന്ന സാങ്കേതിക വിദ്യയുടെ പ്രയോഗം പലപ്പോഴും
വിനാശകരമാകുന്നു, ഇതാണ് പ്രതിപാദ്യവിഷയം.

മൂലധനത്തിനെ സംബന്ധിച്ചിടത്തോളം ഇന്നത്തെ പ്രയോഗം ക്രിയാത്മകം തന്നെ. പക്ഷെ, സമൂഹത്തിനു പൊതുവെ അതു
വിനാശകരമാണ്. സ്വത്തിന്റെ കേന്ദ്രീകരണമാണ് നടക്കുന്നത്. ഇതിനു ബദലായി എങ്ങനെ സമൂഹത്തിനു പൊതുവെ ഗുണകരമായി, സാങ്കേതിക വിദ്യയുടെ ക്രിയാത്മകപ്രയോഗം
സംഘടിപ്പിക്കാമെന്നത് തന്നെയാണ് ചര്‍ച്ചാ വിഷയം.

2. " എന്തായിരുന്നൂ തൊഴിലാളികളുടെയും സാമാന്യ ജനങ്ങളുടെയും താല്പര്യങ്ങള്‍ക്കെതിരായുള്ള കമ്പ്യൂട്ടറൈസേഷന്‍ എന്നു വ്യക്തമാക്കാമോ? കമ്പ്യൂട്ടറെസേക്ഷന്‍ അന്നും ഇന്നും ഒന്നു
തന്നെ. ഇന്ന് കമ്പ്യൂട്ടര്‍വല്‍ക്കരണ വിരുദ്ധ പ്രക്ഷോഭങ്ങളെക്കുറിച്ചൊന്നും കേള്‍ക്കാനില്ലാത്തത് കമ്പ്യൂട്ടറെസേക്ഷന്‍ എന്താണ് എന്നു മനസ്സിലായതുകൊണ്ടാണ്. അല്ലാ‍തെ
അന്നത്തെ കമ്പ്യൂട്ടരൈസേഷനും ഇന്നത്തെ കമ്പ്യൂട്ടരൈസേഷനും രണ്ടായതുകൊണ്ടല്ല''.

നാളിതുവരെ മൂലധന ശക്തികള്‍ കമ്പ്യൂട്ടറൈസേഷന്‍ നടത്തിയിട്ടുള്ളത് കൂലി കുറയ്ക്കാനും തൊഴില്‍ സുരക്ഷിതത്വം ഇല്ലാതാക്കനും തൊഴിലാളികളെ പുറത്താക്കാനും മാത്രമാണ്. ഇന്നും അതു തന്നെ നടക്കുന്നു. സ്ഥിരം തൊഴിലില്ലാതാകുന്നു. കാഷ്വലൈസേഷന്‍, പാര്‍ട്ട് ടൈം ഇതെല്ലാം നിലവിലുള്ള തൊഴിലാളികള്‍ക്കും തൊഴിലന്വേഷകര്‍ക്കും എതിരാണ്. കമ്പ്യൂട്ടറുകളുടെ ഉത്പാദനവും വിതരണവും നടത്തി മൂലധനം കുന്നു കൂട്ടുന്നത് ബഹുരാഷ്ട്രകുത്തകകള്‍ മാത്രമാണ്. സോഫ്ട്‌വെയര്‍ പ്രൊപ്രൈറ്ററി ആക്കി വെച്ചു കടുത്ത ചൂഷണം നടത്തുന്നതിന്റെ
പ്രയോജനവും അവര്‍ക്ക് തന്നെ. രണ്ടിലും ഇന്ത്യ അടക്കം വികസ്വര രാജ്യങ്ങള്‍ വരെ ചൂഷണത്തിനു വിധേയരാ‍ണ്. ഇത് പിന്നോക്ക ജനവിഭാഗങ്ങളുടെ പാപ്പരീകരണത്തിനു
വഴിയൊരുക്കുന്നു. ചുരുക്കം ചിലരുടെ ആഡംബര ജീവിതത്തിനായാണ് സാങ്കേതിക വിദ്യയുടെ പ്രയോഗം ഇന്നു നടക്കുന്നത്. ഇന്നും ഇതിനു വ്യത്യാ‍സം വന്നിട്ടില്ല.

അശാസ്ത്രീയമായ കമ്പ്യൂട്ടര്‍വത്ക്കരണത്തിനെയാണ് തൊഴിലാളികള്‍ എതിര്‍ത്തത്. അശാസ്ത്രീയമായതിനോടെല്ലാം എതിര്‍പ്പ് അന്നും ഇന്നും തുടരുന്നുണ്ട്.

ഇന്ന്‌ പൊതുമേഖലാ സ്ഥാപനങ്ങളിലും സര്‍ക്കാര്‍ സ്ഥാപനങ്ങളിലും വിവര സാങ്കേതിക വിദ്യയുടെ ശരിയായ പ്രയോഗം നടക്കുന്നില്ല എന്നതാണ് ലേഖനത്തിന്റെ പ്രതിപാദ്യവിഷയം. മുന്‍‌കാലത്ത്
തെറ്റായ രീതിയില്‍ കമ്പ്യൂട്ടര്‍വത്ക്കരണം നടത്താന്‍ ധൃതി പിടിച്ച സര്‍ക്കാരിനും മാനേജ്‌മെന്റിനും ഇന്നു ധൃതിയില്ലെന്നതോ പോകട്ടെ, അവര്‍ പിന്തിരിഞ്ഞു നില്‍ക്കുന്നത്
എന്തുകൊണ്ടാണ് എന്നതാണ് ഇന്നത്തെ ചര്‍ച്ചാ വിഷയം. വിവര വിനിമയ സാങ്കേതിക വിദ്യയുടെ ശരിയായ പ്രയോഗം
വിവരം എല്ലാവര്‍ക്കും ലഭ്യമാക്കുന്നതിനും, മൂലധന ശക്തികളുടെ ചൂഷണവും ,തട്ടിപ്പും മാനേജ്‌മെന്റിലുള്ള ബ്യൂറോക്രസിയുടെ കൊള്ളരുതായ്മകളും പിടിപ്പുകേടും, സര്‍ക്കാരുകളുടെ വര്‍ഗ പക്ഷപാതിത്വവും വെളിവാക്കപ്പെടുന്നതിനും
വഴിവെയ്ക്കുമെന്നതിനാല്‍ തൊഴിലാളികള്‍ക്കെതിരെ കമ്പ്യൂട്ടറുപയോഗിക്കാന്‍ വ്യഗ്രത കാട്ടിയവര്‍ ഇന്നു വിവര സാങ്കേതിക വിദ്യയുടെ ശൃംഖലാ സാദ്ധ്യതകള്‍ (networking possibilities) ഉപയോഗിക്കാന്‍
തയ്യാറില്ലെന്നതാണ് വിഷയം.

നിലവിലുള്ള സ്ഥാപനങ്ങളില്‍ പുതു സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചാലുണ്ടാകുന്ന പ്രശ്നം ഒഴിവാക്കാന്‍ അവര്‍ കണ്ടുപിടിച്ച വിദ്യയാണ് പുതു തലമുറ (new generation)സ്ഥാപനങ്ങള്‍. അവിടെ, തൊഴിലാളികളെ സ്ഥിരമായി വെയ്ക്കുന്നില്ല. സ്ഥാപനങ്ങളില്‍ സമഗ്രമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നില്ല. ഭാഗികമായ പ്രവര്‍ത്തനങ്ങള്‍ വ്യത്യസ്ത സ്ഥാപനങ്ങളിലും വ്യത്യസ്ത പ്രദേശങ്ങളിലും രാജ്യങ്ങളിലുമായി സംഘടിപ്പിച്ചുകൊണ്ട് (outsourcing എന്ന ഓമനപ്പേരില്‍) , മേല്‍പ്പറഞ്ഞ വിവരങ്ങളുടെ സുതാര്യതയെ മറച്ചുവെയ്ക്കാന്‍ മൂലധനശക്തികള്‍ വിവര സാങ്കേതികവിദ്യയുടെത്തന്നെ കഴിവിനെ ഉപയോഗിക്കുകയാണ് ചെയ്യുന്നത്.

ഇതിനെതിരെ പൊതുസ്ഥാപനങ്ങള്‍ - സര്‍ക്കാര്‍ വകുപ്പുകളും, പൊതുമേഖലാ സ്ഥാപനങ്ങളും - തങ്ങളുടെ സമഗ്രമായ പ്രവര്‍ത്തനങ്ങളാല്‍, കഴിഞ്ഞകാലത്ത് ഉണ്ടായിട്ടുള്ള
അപാകതകള്‍ ഇല്ലാതാക്കാനും, വിവിധ സ്ഥാപനങ്ങളിലായി(കേന്ദ്രങ്ങളായി) പ്രവര്‍ത്തിച്ചതുമൂലം വിവിധ സാമൂഹ്യ , ഭരണ തലങ്ങളില്‍, ജില്ലാ തലത്തിലും, സംസ്ഥാന
തലത്തിലും, രാഷ്ട്രതലത്തിലും, സമൂഹ തലത്തില്‍ തന്നെയും ഉത്ഗ്രഥനം(integration) അസാദ്ധ്യമാക്കുന്ന നിലപാടുകളും ഘടകങ്ങളും മാറ്റാനും തയ്യാറാകേണ്ടതുണ്ട്. അതിന്
സര്‍ക്കാരോ മൂലധനശക്തികളോ അവരുടെ വര്‍ഗതാല്പര്യം മൂലം മുന്‍‌കൈ എടുക്കുന്നില്ല എന്നതു നമ്മുടെ ഇന്നത്തെ അനുഭവമാണ്.

ഇവിടെയാണ്, ഇതില്‍ താല്പര്യമുള്ള തൊഴിലാളി
വിഭാഗങ്ങള്‍ ശക്തമായ ബദല്‍ നിര്‍ദ്ദേശങ്ങളും പരിപാടികളുമായി മുന്നോട്ട് വരേണ്ടതിന്റെ ആവശ്യം.

3. "proprietary SW platforms നോടും General Public License നോടും ഉള്ള മുന്‍‌വിധികള്‍ അനാവശ്യമാണ്. നമ്മുടെ അല്ലെങ്കില്‍ നമ്മുടെ സ്ഥാപനങ്ങളുടെ ആവശ്യങ്ങള്‍ക്ക്
അനുയോജ്യമായവ വേണം തിരഞ്ഞെടുക്കാന്‍."

ശരിയാണ് . രണ്ടിലും മുന്‍‌വിധി വേണ്ട. ശരിയായ വിശകലനത്തിന്റേയും അനുഭവത്തിന്റേയും അടിസ്ഥാനത്തിലുള്ള വിധിയെഴുത്താണാവശ്യം. നമ്മുടെ സ്ഥാപനങ്ങള്‍ക്ക് ഗുണകരവും

അനുയോജ്യവും ആയത്‌ തിരഞ്ഞെടുക്കണമെന്ന വാദം സ്വീകാര്യമാണ്. സ്വകാര്യ സോഫ്ട്‌വെയറുകള്‍ നമ്മുടെ സ്ഥാപനങ്ങളെ കൊള്ളയടിക്കാന്‍ ഇടയാക്കുന്നു. നമ്മുടെ
സ്ഥാപനങ്ങള്‍ ഉണ്ടാക്കുന്ന മൂല്യം ചോര്‍ത്തിയെടുക്കുന്നു. മറിച്ച് സ്വതന്ത്ര സോഫ്റ്റ്‌വെയറുകളാണ് ഉപയോഗിക്കുന്നതെങ്കില്‍ നമ്മുടെ സ്ഥാപനങ്ങളുണ്ടാക്കുന്ന മൂല്യം ഇവിടെ തന്നെ വിനിയോഗിക്കപ്പെടും എന്നതാണ് അനുഭവം.

Anonymous said...

The third generation mobile communication service is going to hit the society in a big way. What should be the role of goverment ? Is it just selling the bandwidth. Then how it will help to reduce the gap of information rich and information poor ?

Bright future that IT brings to human kind have been described by
many of its conventional promoters. They name it Information Society
where information and scientific knowledge replaces human labour as
main productive force.

This future is not going to be that bright or may be even disastrous until and unless the big mass, to whom it ultimately affects, whose jobs will be ultimately replaced, has effectively intervened in the
process of making information society with a definite intention of bringing a sustainable development where all sorts of inequalities are narrowed down.

മൂര്‍ത്തി said...

ടെക്‍നോളജിയുടെ ഗുണം എല്ലാവര്‍ക്കും ലഭ്യമാകേണ്ടതുണ്ട്. ജോസഫ് തോമസ് പറഞ്ഞതുപോലെ ചുരുക്കം ചിലരുടെ ആഡംബര ജീവിതത്തിനായി സാങ്കേതിക വിദ്യയുടെ പ്രയോഗം നടന്നാല്‍ പോരാ.